പറവണ്ണയില്‍ അക്രമം തുടരുന്നു; 10 വീടുകള്‍ അടിച്ചുതകര്‍ത്തു

വെട്ടം: തീരദേശത്ത് വെട്ടം പറവണ്ണയില്‍ അക്രമം തുടരുന്നു. വെള്ളിയാഴ്ച 10 വീടുകള്‍ അടിച്ചുതകര്‍ത്തു. സി.പി.എം അനുഭാവികളുടെ ഏഴ് വീടുകളും കോണ്‍ഗ്രസ്-ലീഗ് അനുഭാവികളുടെ മൂന്ന് വീടുകളുമാണ് വെള്ളിയാഴ്ച പകല്‍ അക്രമികള്‍ അടിച്ചുതകര്‍ത്തത്. വ്യാഴാഴ്ച മുസ്ലിം ലീഗുകാരുടെ വീടുകള്‍ അക്രമിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നതിനിടെയാണ് വീടുകള്‍ തകര്‍ത്തത്. വീട്ടിലെ സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു. പറവണ്ണ, പുത്തങ്ങാടി, വേളാപുരം എന്നിവിടങ്ങളിലാണ് അക്രമം അഴിഞ്ഞാടിയത്. സി.പി.എം അനുഭാവികളായ കമ്മുക്കാന്‍െറ പുരക്കല്‍ അസൈനാര്‍, കുട്ടാത്ത് ഹുസൈന്‍, ചേക്കിന്‍െറപുരക്കല്‍ അലിക്കുട്ടി എന്നിവരുടെ വീടുകളാണ് വടിയും കല്ലും ഉപയോഗിച്ച് വ്യാപകമായി നാശം വരുത്തിയത്. വീട്ടുപകരണങ്ങളും വാതിലകുളും ജനലുകളും മോട്ടോറും അക്രമികള്‍ നശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കമ്മുക്കാന്‍െറ പുരക്കല്‍ അസൈനാറിന്‍െറ വീട്ടിലേക്ക് അക്രമികള്‍ ആയുധങ്ങളുമായി ഇരച്ചുകയറിയത്. അക്രമികളെ തടഞ്ഞ ഹസൈനാറിന് അടിയേറ്റു. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ സ്ത്രീകള്‍ക്കും അടിയേറ്റിട്ടുണ്ട്. പുത്തങ്ങാടി കുട്ടാത്ത് ഹുസൈന്‍െറ വീട്ടില്‍ വ്യാഴാഴ്ച രാത്രി ആക്രമണം നടത്തിയ സംഘം വെള്ളിയാഴ്ച രാവിലെയും വന്ന് വീടിന്‍െറ വാതില്‍ ചവിട്ടിപൊളിക്കുകയും വീട്ടിലെ ബൈക്ക് തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈന്‍റ മാതാവ് നഫീസയടക്കം ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്തെ സി.പി.എം അനുഭാവിയായ ചേക്കിന്‍െറപുരക്കല്‍ അലിക്കുട്ടിയുടെ വീട് കരിങ്കല്‍ കഷ്ണങ്ങള്‍ ഉപയോഗിച്ച് എറിഞ്ഞും മറ്റും നശിപ്പിച്ചു. ചേക്കിന്‍െറപുരക്കല്‍ മുഹമ്മദലി, അയരന്‍െറ പുരക്കല്‍ ഉബൈദ് തുടങ്ങിയവരുടെ വീടുകള്‍ക്കും ആക്രമണം ഉണ്ടായി. തങ്ങളുടെ വീടുകള്‍ ആക്രമിച്ചത് പ്രദേശത്ത് മുസ്ലിം ലീഗിന്‍െറ പ്രവര്‍ത്തകരാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. അതിനിടെ കോണ്‍ഗ്രസ് അനുഭാവിയായ കമ്മാക്കാന്‍െറപുരക്കല്‍ മുഹമ്മദാലിയുടെ ഫ്ളക്സ് കൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയുള്ള വീട് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമമുണ്ടായി. സമീപത്തെ കോണ്‍ഗ്രസ് അനുഭാവിയായ കമ്മാക്കാന്‍െറപുരക്കല്‍ സിദ്ദീഖിന്‍െറ വീട്ടിലെ പാത്രങ്ങള്‍ അക്രമികള്‍ തല്ലിതകര്‍ത്തു. ലീഗ് അനുഭാവിയായ ചേക്കിന്‍െറപുരക്കല്‍ മുഹമ്മദ്കുട്ടിയുടെ വീടിന്‍െറ വാതിലുകളടക്കം ആക്രമികള്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. അക്രമികള്‍ കമ്മുക്കാന്‍െറ പുരക്കല്‍ സെയ്താലിക്കുട്ടിയുടെ വീടും ആക്രമിച്ചു. സെയ്താലിക്കുട്ടി കോണ്‍ഗ്രസ് അനുഭാവിയാണ്. എന്നാല്‍ മക്കളായ റഫീഖും മുജീബും സി.പി.എം അനുഭാവികളാണ്. പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും ഏത് സമയത്തും ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശത്തെ സ്ത്രീകള്‍. പ്രദേശത്ത് പ്രാവ് വളര്‍ത്തുന്ന കുട്ടികള്‍ തമ്മിലുണ്ടായ കശപിശയാണ് പ്രദേശത്ത് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ക്ക് കാരണമായ ആക്രമണ പരമ്പരങ്ങള്‍ക്ക് കാരണമെന്നാണ് പ്രദേശത്തെ ഉമ്മമാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.