മലപ്പുറം: സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട് സൗന്ദര്യവത്കരിക്കുന്നതിന്‍െറ ഭാഗമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശുചീകരണ യജ്ഞത്തിന് തുടക്കമായി. കലക്ടറേറ്റ് പരിസരത്തെ ചപ്പുചവറുകളും മറ്റും നീക്കി ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയാണ് ശുചീകരണ ശ്രമദാനത്തിന് തുടക്കം കുറിച്ചത്. സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാര്‍ സ്വന്തം ഓഫിസും പരിസരവും വൃത്തിയാക്കി. പ്ളാസ്റ്റിക്കുകളും കടലാസുകളും മറ്റ് മാലിന്യവും വെവ്വേറെ ശേഖരിച്ച് സംസ്കരിക്കുകയാണ് ശുചീകരണ യജ്ഞത്തിന്‍െറ ആദ്യഘട്ടം. ശ്രമദാനം ജൂണ്‍ നാലുവരെ തുടരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, എ.ഡി.എം ബി. കൃഷ്ണകുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍, ഡി.ടി.പി.സി വളന്‍റിയര്‍മാര്‍, നഗരസഭാ ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ടി.പി. ഹൈദരലി എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ജൂണ്‍ അഞ്ചിലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ ‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ കാമ്പസ്’ ആക്കി മാറ്റുന്നതിന് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചത്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ കലക്ടറേറ്റ് വളപ്പില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും. തുടര്‍ന്ന് സിവില്‍ സ്റ്റേഷന്‍ സൗന്ദര്യവത്കരിക്കുന്നതിന് ഒരുവര്‍ഷത്തിനകം വിവിധ പദ്ധതികള്‍ നടപ്പാക്കും. ഒരു മാസത്തിനകം സിവില്‍ സ്റ്റേഷനിലെ വിവിധയിടങ്ങളില്‍ ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ജൈവ-പ്ളാസ്റ്റിക് മാലിന്യം വെവ്വേറെ ശേഖരിക്കുന്നതിന് 100 മാലിന്യ പെട്ടികള്‍ സ്ഥാപിക്കും. ഓഫിസുകളിലെ ഇ മാലിന്യം ശുചിത്വ മിഷന്‍െറ സഹായത്തോടെ ശേഖരിച്ച് ക്ളീന്‍ കേരള മിഷന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.