പുഴയില്‍ വ്യാപകമായി മണലൂറ്റും മാലിന്യം തള്ളലും

മലപ്പുറം: കൂട്ടിലങ്ങാടി, ഉന്നംതല പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തില്‍ മാലിന്യവും പുഴുക്കളും കണ്ടതിന് കാരണം പുഴയില്‍നിന്നുള്ള വ്യാപക മണലെടുപ്പും മാലിന്യം തള്ളലും. മണലൂറ്റല്‍കാരണം പുഴയില്‍ അടിഞ്ഞുകൂടിയ ചളിയിലും മാലിന്യത്തിലും പുഴുക്കള്‍ നിറഞ്ഞിരിക്കുകയാണ്. ഈ മാലിന്യവും പുഴുക്കളുമാണ് പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന ജലത്തില്‍ കഴിഞ്ഞ ദിവസം കണ്ടത്തെിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൂട്ടിലങ്ങാടി, ഉന്നംതല പമ്പ് ഹൗസുകളില്‍ നിന്നുള്ള ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച ടാങ്കുകള്‍ വൃത്തിയാക്കിയപ്പോള്‍ വലിയ തോതിലുള്ള ചളിയും മാലിന്യവുമാണ് കോരിയെടുത്തത്. മണലൂറ്റല്‍ കാരണം ഗ്യാലറ്റ് പൈപ്പുകള്‍ പൊങ്ങുകയും വെള്ളത്തിന്‍െറ ഫില്‍ട്ടറിങ് ഫലപ്രദമായി നടക്കാതിരിക്കുകയും ചെയ്യുന്നതാണ് ടാങ്കുകളിലേക്ക് ചളിയും പുഴുക്കളും കയറാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രദേശത്ത് മണലൂറ്റല്‍ വ്യാപകമാണെന്ന് പലതവണ അധികാരികളോട് നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായിരുന്നില്ല. മുണ്ടയില്‍പ്പടി ഭാഗത്ത് മണലൂറ്റലിന് ഒരു നിയന്ത്രണവുമില്ല. പഞ്ചായത്തില്‍ നിരവധി പരാതികള്‍ എത്തിയെങ്കിലും നടപടി സ്വീകരിക്കാത്തതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണം. രണ്ട് പമ്പ് ഹൗസുകളുടെയും ടാങ്കുകള്‍ വൃത്തിയാക്കി ഇന്ന് വെള്ളം പമ്പ് ചെയ്ത് വിതരണം തുടങ്ങും. പക്ഷേ, ചളിയും പുഴുക്കളും ഇനിയും വെള്ളത്തില്‍ എത്താമെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നു. പുഴയില്‍ ഇപ്പോഴും ചളി നിറഞ്ഞതാണിതിന് കാരണം. പുഴയില്‍നിന്ന് മണല്‍വാരല്‍ പൂര്‍ണമായും നിര്‍ത്താതെ ഇതിനൊരു പരിഹാരം ഉണ്ടാകില്ളെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ആഴ്ചകളായി മാലിന്യവും ജീവികളും കാണുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ഇരു പമ്പ് ഹൗസുകളില്‍ നിന്നുമുള്ള ജലവിതരണം നിര്‍ത്തിവെച്ചത്. തുടക്കത്തില്‍തന്നെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് വാട്ടര്‍ അതോറിറ്റി നടപടിയെടുത്തതെന്നും കൂടാതെ ടാങ്കുകള്‍ കൃത്യമായി വൃത്തിയാക്കാറില്ളെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, കൂട്ടിലങ്ങാടി, ഉന്നംതല പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. പാടിഞ്ഞാറ്റുംമുറി, പട്ടിയില്‍പറമ്പ്, പനംമ്പറ്റ, മെരുകുംകുന്ന്, ചക്കാലക്കുന്ന്, കക്കാട് എന്നീ ഭാഗങ്ങളിലേക്കാണ് ഉന്നംകുന്ന് പമ്പ് ഹൗസില്‍നിന്ന് ജലവിതരണം നടക്കുന്നത്. കോട്ടപ്പള്ള, കാഞ്ഞിരക്കുന്ന്, മെരുംകുന്ന് എന്നീ ഭാഗങ്ങളിലേക്ക് കൂട്ടിലങ്ങാടി പമ്പ് ഹൗസില്‍നിന്ന് ജലവിതരണം നടക്കുന്നു. ഉന്നംതല പമ്പ് ഹൗസില്‍നിന്ന് ജലവിതരണം തുടങ്ങി എന്ന് വാട്ടര്‍ അതോറിറ്റി പറയുന്നുണ്ടെങ്കിലും വെള്ളം ഇതുവരെ ലഭിക്കുന്നില്ളെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.