മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ പരിസമാപ്തി. വിധിയെഴുതാന്‍ സമ്മതിദായകര്‍ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഞായറാഴ്ച ശബ്ദകോലാഹലങ്ങളില്ലാതെ വോട്ട് തേടും. പതിവിന് വിപരീതമായി ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കൊട്ടിക്കലാശമുണ്ടായില്ളെന്നതാണ് ഇത്തവണത്തെ പ്രത്യേകത. വൈകുന്നേരം വരെ കാത്തുനില്‍ക്കാതെ പ്രചാരണക്കൊടുങ്കാറ്റിന് നേരത്തേ അന്ത്യം കുറിച്ച് വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ആഹ്ളാദപ്രകടനം നടത്താനായി പ്രവര്‍ത്തകര്‍ ശേഷിക്കുന്ന ആവേശോര്‍ജം മാറ്റിവെച്ചു. 16 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ ശനിയാഴ്ച പകല്‍ സജീവമായിരുന്നു. റോഡ് ഷോകള്‍ നടത്തിയും പരമാവധി പേരെ നേരില്‍ക്കണ്ടും പിന്തുണ തേടി. കോട്ടക്കല്‍, വേങ്ങര, കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ചിലയിടങ്ങളില്‍ മാത്രം പ്രവര്‍ത്തകര്‍ പ്രചാരണം അവസാനിപ്പിക്കാന്‍ സംഘടിച്ചു. കോട്ടക്കല്‍ മണ്ഡലത്തില്‍ ഇന്ത്യനൂരിലായിരുന്നു എല്‍.ഡി.എഫിന്‍െറ കൊട്ടിക്കലാശം. കോട്ടക്കല്‍ നഗരത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും തടിച്ചുകൂടി. തിരൂരങ്ങാടി മണ്ഡലത്തില്‍പ്പെടുന്ന എടരിക്കോട്ടും ചെറിയ തോതില്‍ കലാശക്കൊട്ടിന്‍െറ ആവേശം അരങ്ങേറി. വേങ്ങര നഗരത്തിലും കൊണ്ടോട്ടിയുടെ ഭാഗമായ പുളിക്കലും അവസാന നിമിഷം പ്രകടനങ്ങള്‍ നടന്നു. തവനൂര്‍, പൊന്നാനി, തിരൂര്‍, താനൂര്‍, വള്ളിക്കുന്ന്, ഏറനാട്, മലപ്പുറം, മങ്കട, മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ പ്രധാന നഗരങ്ങളിലൊന്നും കൊട്ടിക്കലാശമുണ്ടായില്ല. പകല്‍ വിവിധയിടങ്ങളില്‍ പഞ്ചായത്തുകള്‍ തോറും ആവേശകരമായ റോഡ് ഷോകള്‍ നടന്നു. സ്ഥാനാര്‍ഥികള്‍ കാല്‍നടയായിച്ചെന്ന് ജനങ്ങളെ കണ്ടും വോട്ട് തേടി. ഉള്‍പ്രദേശങ്ങളില്‍ വാദ്യഘോഷങ്ങളോടെ പ്രകടനം നടത്തി പ്രചാരണാവസാനം പൊലിപ്പിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. പൊതുജനങ്ങള്‍ക്കുണ്ടാവുന്ന അസൗകര്യവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് രാഷ്ട്രീയ പാര്‍ട്ടികളും പൊലീസും ചേര്‍ന്ന് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.