നിലമ്പൂര്‍ നിയോജക മണ്ഡലം: എതിര്‍പ്പ് മറന്ന് ലീഗ് രംഗത്ത്; എല്‍.ഡി.എഫും ഒറ്റക്കെട്ട്

നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്‍െറ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുസ്ലിം ലീഗ് സജീവം. പി.കെ. ബഷീര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് ലീഗ് മണ്ഡലത്തില്‍ സജീവമാകാന്‍ കാരണമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബഷീറിനെതിരെ ഏറനാട് മണ്ഡലത്തില്‍ പി.വി. അന്‍വര്‍ സ്വതന്ത്രനായി മത്സരരംഗത്തുണ്ടായിരുന്നു. രണ്ടാംസ്ഥാനത്തത്തെിയ അന്‍വര്‍ ശക്തമായ വെല്ലുവിളിയാണ് ബഷീറിന് ഉയര്‍ത്തിയിരുന്നത്. ഷൗക്കത്തിന്‍െറ പ്രചാരണത്തിനായി നിലമ്പൂര്‍ മണ്ഡലത്തിലെ രാമംകുത്ത്, മൂത്തേടം, നാരോക്കാവ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബഷീര്‍ എത്തുകയും ചെയ്തു. 2000ല്‍ സംസ്ഥാനത്ത് ലീഗും-സി.പി.എമ്മും ഉണ്ടാക്കിയ അടവുനയത്തോടെ മൂത്തേടം പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും ശത്രുക്കളായാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പഞ്ചായത്തില്‍ ത്രികോണമത്സരമാണ് നടന്നത്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പോടെ മൂത്തേടം പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം നിലവില്‍ വന്നു. കോണ്‍ഗ്രസിനോടല്ല, ആര്യാടനോടുള്ള വിരോധമാണ് മണ്ഡലത്തില്‍ ലീഗിനുണ്ടായിരുന്നത്. പാണക്കാട് തങ്ങളെ വിമര്‍ശിച്ചതോടെയാണ് ലീഗിന് ആര്യാടന്‍ മുഹമ്മദ് അനഭിമതനായത്. 2008ല്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തോടെ ഷൗക്കത്തും ലീഗിന് കണ്ണിലെ കരടായി. നേതാക്കളുടെ അഭിപ്രായം മുഖവിലയ്ക്കെടുത്താണ് മണ്ഡലത്തില്‍ ലീഗ് ഇപ്പോള്‍ സജീവമായത്. എന്നാല്‍, ഇത് യു.ഡി.എഫിന് എത്ര ഗുണകരമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ലീഗ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയതോടെ എല്‍.ഡി.എഫും ഒറ്റക്കെട്ടായി മാറുന്നതാണ് കണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അഭിപ്രായവ്യത്യാസത്തില്‍ മാറിനിന്നിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ ഇപ്പോള്‍ പി.വി. അന്‍വറിന്‍െറ കൂടെ സജീവമായി രംഗത്തുണ്ട്. എടക്കര, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ചലിച്ചിരുന്നില്ല. എന്നാല്‍, അടുത്ത ദിവസങ്ങളിലായി ഇവിടങ്ങളില്‍ പാര്‍ട്ടിയും അണികളും ശക്തമായി രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.