പ്ളസ് ടു: എടരിക്കോട് സ്കൂളിന് പന്ത്രണ്ടാം തവണയും നൂറുമേനി

കോട്ടക്കല്‍: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചരിത്രനേട്ടവുമായി വീണ്ടും എടരിക്കോട് പി.കെ.എം.എം.എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂള്‍. കൂടുതല്‍ തവണ നൂറുമേനി വിജയം കൊയ്ത സ്കൂളെന്ന ബഹുമതി ഇനി പി.കെ.എം.എം.എച്ച്.എച്ച്.എസ്.എസിന് സ്വന്തം. പന്ത്രണ്ടാം തവണയാണ് വിദ്യാലയം ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സമ്പൂര്‍ണ വിജയം നേടിയത്. പറപ്പൂര്‍ പൊട്ടിപ്പാറ സ്വദേശി അംന റഷ, കൊളപ്പുറം സ്വദേശി ഇ.കെ. ഫാസില്‍ നവാസ്, പുത്തൂര്‍ സ്വദേശി കെ. ശ്രീലക്ഷ്മി എന്നിവര്‍ മുഴുവന്‍ മാര്‍ക്കും നേടി. സയന്‍സില്‍ 231ഉം കമ്പ്യൂട്ടര്‍ സയന്‍സില്‍ 61ഉം കോമേഴ്സ് വിഭാഗത്തില്‍ 59ഉം വിദ്യാര്‍ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. 31 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ളസിന് അര്‍ഹരായി. വിദ്യാര്‍ഥികള്‍ക്കായി മികച്ച പാഠ്യപദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചതിന്‍െറ ഫലമാണ് ഈ നേട്ടമെന്ന് സ്കൂള്‍ മാനേജര്‍ പി.കെ.എം. ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്താം തരം പരീക്ഷയിലെ റെക്കോഡ് നിലനിര്‍ത്തി, ഹയര്‍ സെക്കന്‍ഡറി തലത്തിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ നേട്ടവും ഈ സ്കൂളിനാണ്. എസ്.എസ്.എല്‍.സി പരീക്ഷയിലും സ്കൂള്‍ നൂറുമേനി വിജയം കൊയ്തിരുന്നു. പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ മധുരം നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, ആശിഷ്, കെ. ലീന എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.