നോട്ടീസും ഫ്ളക്സ് ബോര്‍ഡുകളും ഇല്ല; അബുവിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണം സോഷ്യല്‍ മീഡിയയില്‍ മാത്രം

വള്ളിക്കുന്ന്: 24 വര്‍ഷം മണലാരണ്യത്തില്‍ കഴിച്ചുകൂട്ടിയ അബു ഇത്തവണയും മത്സരരംഗത്ത്. നോട്ടീസോ ഫ്ളക്സ് ബോര്‍ഡുകളോ പാരഡി ഗാനങ്ങളോ കവല പ്രസംഗങ്ങളോ ഒന്നുമില്ലാതെ വള്ളിക്കുന്നിലെ സ്വതന്ത്ര സ്ഥാനാര്‍ഥി അബുവിന്‍െറ പ്രചാരണം സോഷ്യല്‍ മീഡിയ വഴിമാത്രം. മാറി വരുന്ന സര്‍ക്കാറുകള്‍ പ്രവാസികളോട് കാണിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ വീണ്ടും മത്സരിക്കുന്നതെന്ന് തേഞ്ഞിപ്പലം അരിപ്പാറ സ്വദേശി കള്ളിയില്‍ കിഴക്കേ പെരുഞ്ചീരി അബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2006ല്‍ വിമാനം ചിഹ്നത്തില്‍ മത്സരിച്ച അബുവിന് 750 വോട്ടാണ് ലഭിച്ചത്. 2011ല്‍ മത്സരിക്കാന്‍ തയാറായെങ്കിലും അബു ആവശ്യപ്പെട്ട വിമാനം, പായക്കപ്പല്‍, ഹെലികോപ്ടര്‍ എന്നീ ചിഹ്നങ്ങള്‍ കൊടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയാറായില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇത്തവണയും വിമാനം ചിഹ്നമായി ആവശ്യപ്പെട്ടെങ്കിലും മേശയാണ് ലഭിച്ചത്. ഏത് പാര്‍ട്ടി ഭരിച്ചാലും പ്രവാസികള്‍ക്ക് നിരാശമാത്രമാണ്. തിരിച്ചുവരുന്നവര്‍ക്ക് ജോലിയില്ല. വിമാന യാത്രാനിരക്കും കൂടുതലാണ്. ഇന്ത്യന്‍ എംബസികളില്‍ മലയാളി ഉദ്യോഗസ്ഥരില്ലാത്തതും പ്രവാസികള്‍ക്ക് തിരിച്ചടിയാണെന്നും അബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.