മലപ്പുറം ‘ബോയ്സി’ല്‍ ഇനി ‘ഗേള്‍സും’

മലപ്പുറം: മലപ്പുറം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നൂറുശതമാനം ‘വിജയം’. പത്താം ക്ളാസ് പരീക്ഷയിലല്ല, മറിച്ച് 22 വര്‍ഷം തുടര്‍ന്ന പരീക്ഷണത്തിലുള്ള വിജയം. ഏറെ നാളത്തെ കാത്തിരിപ്പിനും ആഗ്രഹത്തിനും ശേഷം പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാനുള്ള തീരുമാനം പാസായപ്പോള്‍ ഊണും ഉറക്കവുമൊഴിച്ച് പ്രയത്നിച്ച അധ്യാപകരുടെയും പി.ടി.എയുടെയും മുഖത്ത് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചതിന്‍െറ തിളക്കം. സ്കൂളിന്‍െറ പേര് ഇനി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നാക്കി മാറ്റാനും തീരുമാനമായി. പഠനാന്തരീക്ഷം മോശമാണെന്ന കാരണം പറഞ്ഞ് 22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്കൂളിനെ ബോയ്സ് എന്നും ഗേള്‍സ് എന്നും രണ്ടാക്കി തിരിച്ചത്. തോറ്റുകൊടുക്കാന്‍ കൂട്ടാക്കാത്ത ബോയ്സ് സ്കൂളില്‍ മാറ്റത്തിന്‍െറ കാറ്റ് അതിവേഗം വീശി. വിജയശതമാനം വെച്ചടി വെച്ചടി ഉയര്‍ന്നു. 94 ശതമാനമാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയം. ഹയര്‍ സെക്കന്‍ഡറിയും ഒട്ടും പിറകിലല്ല. ഇതിന് പുറമെ മികച്ച ലാബ്, ഐ.ടി, സ്മാര്‍ട്ട് ക്ളാസ്റൂം, എല്ലാ ക്ളാസ് മുറികളിലും ഫാന്‍, ടൈല്‍ പതിച്ച നിലം ഇങ്ങനെ വലിയ മാറ്റങ്ങളുമായി പഴയ മോശം സ്കൂള്‍ എന്ന ചീത്തപ്പേരിനെ വെട്ടി ടി.സി കൊടുത്തുവിട്ടാണ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഈ വര്‍ഷം പെണ്‍കുട്ടികളെ വരവേല്‍ക്കുന്നത്. അഞ്ച്, ആറ്, ഏഴ് ക്ളാസുകളിലേക്കാണ് ഈ അധ്യയനവര്‍ഷം അഡ്മിഷന് ഉത്തരവ്. മിക്സഡ് സ്കൂള്‍ അല്ലാത്തതിനാല്‍ രക്ഷിതാക്കള്‍ ഗവ. ബോയ്സ് സ്കൂളില്‍ അഡ്മിഷന്‍ നടത്താന്‍ വിമുഖത കാണിച്ചിരുന്നു. ഇപ്പോഴത്തേത് സര്‍ക്കാര്‍ സ്കൂളിന് ലഭിച്ച അംഗീകാരമാണെന്നും സ്കൂളിലെ അധ്യാപകര്‍ പറയുന്നു. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂള്‍ എന്ന പ്രത്യേകത ഇതോടെ മലപ്പുറം ബോയ്സ് ഹൈസ്കൂളിന് നഷ്ടമാകും. 1882ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് സ്കൂള്‍ സ്ഥാപിതമായത്. പിന്നീട് 1994ല്‍ ആണ് മലപ്പുറം ഗവ. മോഡല്‍ സ്കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വിഭജിച്ചത്. 2016ലേക്കുള്ള അഡ്മിഷന്‍ ഉദ്ഘാടനം ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് പി.കെ. ലീല നിര്‍വഹിച്ചു. ഈ വര്‍ഷം മുതല്‍ സ്കൂള്‍ബസ് സൗകര്യം ഉണ്ടാകുമെന്ന് അവര്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം മലപ്പുറം നഗരസഭാ ചെയര്‍പേഴ്സന്‍ ജമീല ടീച്ചര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ജലീല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.