മലപ്പുറം: കോട്ടപ്പടി ഗവ. താലൂക്കാശുപത്രിയുടെ അപകടാവസ്ഥയെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാഗ്വാദം. നഗരസഭയുടെ പിടിപ്പുകേടാണ് ആശുപത്രിയുടെ അവസ്ഥ ഇത്രയും പരിതാപകരമാവാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, രാഷ്ട്രീയ മുതലെടുപ്പാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്ന് ഭരണപക്ഷവും തിരിച്ചടിച്ചു. താലൂക്കാശുപത്രിയുടെ മേല്‍ക്കൂരയുടെ മേല്‍പാളികള്‍ ഒരാഴ്ചക്കിടെ മൂന്നുതവണ അടര്‍ന്നുവീണിരുന്നു. രോഗികളും കൂട്ടിരിപ്പുകാരും ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ആശുപത്രിയില്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തില്‍ നഗരസഭ വീഴ്ചവരുത്തിയതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. ആശുപത്രിയുടെ അറ്റകുറ്റപ്പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കയാണെന്ന് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല അറിയിച്ചു. മൂന്നര കോടി രൂപ ചെലവില്‍ ആശുപത്രിക്കുവേണ്ടി പുതുതായി അഞ്ചുനില കെട്ടിടം പണിയാന്‍ ഫണ്ട് പാസായിട്ടുണ്ടെന്ന് വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത് പറഞ്ഞു. താലൂക്കാശുപത്രി അടച്ചുപൂട്ടാന്‍ ചില ഡോക്ടര്‍മാര്‍ ഗൂഢശ്രമം നടത്തുന്നുണ്ടെന്ന ഗുരുതരാരോപണം ഭരണപക്ഷത്തുനിന്നുണ്ടായി. കെട്ടിടം സുരക്ഷിതമല്ളെന്നു കാണിച്ച് ചില ഡോക്ടര്‍മാര്‍ ഒ.പി മാത്രം നിലനിര്‍ത്തി കിടത്തി ചികിത്സ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനമെടുത്തിരുന്നു. സ്വകാര്യ പ്രാക്ടീസിനുവേണ്ടിയായിരുന്നു ഇത്. ഡി.എം.ഒ ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടതെന്ന് മുസ്ലിം ലീഗ് കക്ഷി നേതാവ് ഹാരിസ് ആമിയന്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ സുഖമമായ നടത്തിപ്പിന് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗം ഉടന്‍ ചേരാന്‍ തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പരി അബ്ദുല്‍ മജീദ്, പി.എ. സലിം, കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍, വിനോദ് കല്ലിടുമ്പില്‍, കെ.വി. ശശികുമാര്‍, പാര്‍വതിക്കുട്ടി, അഡ്വ. റിനിഷ റഫിഖ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.