മലപ്പുറത്ത് ഇനി സ്ത്രീസൗഹൃദ ഓട്ടോകളും

മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറം ടൗണില്‍ ജനമൈത്രി പൊലീസിന്‍െറ സ്ത്രീസൗഹൃദ ഓട്ടോ സംവിധാനം നിലവില്‍ വന്നു. ടൗണില്‍ സര്‍വിസ് നടത്തുന്ന തെരഞ്ഞെടുത്ത 50 ഓട്ടോകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഡ്രൈവര്‍മാരുടെ പരിചയ സമ്പത്തും വിശ്വാസ്യതയും പെരുമാറ്റവും ട്രാക്ക് റെക്കോര്‍ഡും പരിഗണിച്ചാണ് സ്ത്രീ സൗഹൃദ ഓട്ടോകളെ തെരഞ്ഞെടുത്തത്. ഇതിനായി രണ്ടു ദിവസത്തെ പരിശീലനവും സംഘടിപ്പിച്ചു. സ്ത്രീ സൗഹൃദ ഓട്ടോകളില്‍ പ്രത്യേക തിരിച്ചറിയല്‍ സ്റ്റിക്കര്‍ പതിക്കും. യാത്രക്കാര്‍ക്ക് കാണുന്ന വിധത്തില്‍ മലപ്പുറം പൊലീസ് സ്റ്റേഷന്‍, മലപ്പുറം എസ്.ഐ, കണ്‍ട്രോള്‍ റൂം തുടങ്ങിയ പ്രധാനപ്പെട്ട നമ്പറുകളും സ്റ്റിക്കറിലുണ്ടാവും. സിവില്‍ സ്റ്റേഷനിലേതടക്കം നിരവധി ഓഫിസുകളിലേക്കും കോട്ടക്കുന്ന്, ശാന്തിതീരം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്കും രാത്രിയിലടക്കം ദീര്‍ഘദൂര യാത്ര ചെയ്തത്തെുന്നവര്‍ക്കും മറ്റുമാണ് പദ്ധതി ഏറെ ഉപകാരപ്പെടുക. കുടുതല്‍ വാഹനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ഇത്തരം ഓട്ടോകളെ പ്രത്യേകം നിരീക്ഷിക്കുമെന്നും പദ്ധതി കോഓഡിനേറ്റര്‍ കൂടിയായ മലപ്പുറം എസ്.ഐ റിച്ചാര്‍ഡ് വര്‍ഗീസ് പറഞ്ഞു. നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ഡിവൈ.എസ്.പി എ. ഷറഫുദ്ദീന്‍ ഓട്ടോയില്‍ സ്റ്റിക്കര്‍ പതിച്ച ശേഷം ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറം സി.ഐ കെ.വി. വിനു ലോഗോ പ്രകാശനം നിര്‍വഹിച്ചു. എസ്.ഐ റിച്ചാര്‍ഡ് വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. ജനമൈത്രി സി.ആര്‍.ഒ എസ്.ഐ ജാബിര്‍ പള്ളിയാളി, എസ്.ഐ ദേവി, ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ നിസാര്‍ തോടേങ്ങല്‍, ഷാക്കിര്‍, അജിത്ത്, സ്റ്റേഷന്‍ റൈറ്റര്‍ സുരേഷ് എന്നിവരും ഓട്ടോഡ്രൈവര്‍മാരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. ഫ്ളാഗ് ഓഫിന് ശേഷം സ്ത്രീകളെയും വഹിച്ചുകൊണ്ട് ഓട്ടോകള്‍ നഗരപ്രദക്ഷിണം നടത്തി. മലപ്പുറം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഗണേഷാണ് ലോഗോ രൂപകല്‍പന ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.