പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം അരനൂറ്റാണ്ടിലേറെയായി ഉപയോഗിച്ചിരുന്ന വഴി റെയില്‍വേ അധികൃതര്‍ കൊട്ടിയടക്കുന്നു. കഴിഞ്ഞദിവസം വഴിയടക്കുന്നതിനുള്ള അതിര് അടയാളപ്പെടുത്തി കുറ്റിയടിച്ചു. മേല്‍പ്പാലത്തിന് സമീപം അങ്ങാടിപ്പുറം ജുമാമസ്ജിദ്, ദേശസേവിനി വായനശാല, ഏതാനും വീടുകള്‍ എന്നിവയിലേക്കുള്ള വഴിയാണ് അടക്കാന്‍ നീക്കം തുടങ്ങിയത്. റെയില്‍വേ ഭൂമിയുടെ അതിരിലാണ് മസ്ജിദും വീടുകളും. നേരത്തേ ഇവിടെ റെയില്‍വേ സര്‍വേക്കല്ല് നാട്ടിയിട്ടുണ്ട്. അതില്‍നിന്ന് മൂന്നരയടി വഴി മാത്രമേ വിട്ടുനല്‍കാനാവൂ എന്നാണ് റെയില്‍വേ അധികാരികള്‍ പറയുന്നത്. അപകടസാധ്യത പറഞ്ഞാണ് റെയില്‍വേ വഴിയടക്കുന്നത്. ഇരുചക്രവാഹനം പോലും പ്രവേശിപ്പിക്കാന്‍ കഴിയാത്തവിധം വഴിതടസ്സപ്പെടുത്തുന്നതായാണ് സ്ഥലവാസികളുടെ പരാതി. മസ്ജിദിലേക്ക് മയ്യിത്ത് കൊണ്ടുവരാന്‍ ഇതോടെ പ്രയാസമാകും. തരകന്‍ ഹൈസ്കൂള്‍, ഐ.എച്ച്.ആര്‍.ഡി കോളജ്, ഗവ. പോളിടെക്നിക് എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ നമസ്കാരത്തിന് എത്തുന്നത് മേല്‍പ്പാലത്തിന് സമീപത്തെ അങ്ങാടിപ്പുറം ജുമാമസ്ജിദിലാണ്. അതിര് കുറ്റി നാട്ടാന്‍ റെയില്‍വേ ജീവനക്കാര്‍ എത്തിയപ്പോള്‍ ആംബുലന്‍സ് അടക്കമുള്ളവ കടന്നുപോകാന്‍ സൗകര്യപ്പെടുന്ന തരത്തില്‍ 10 അടി വീതിയില്‍ റോഡിനുള്ള സ്ഥലം വിട്ടുനല്‍കാന്‍ പള്ളി കമ്മിറ്റി സെക്രട്ടറി ആലങ്ങാടന്‍ അബ്ദുല്‍കരീം അഭ്യര്‍ഥിച്ചെങ്കിലും ബന്ധപ്പെട്ടവര്‍ നിരാകരിച്ചു. വിഷയത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ഒ. കേശവന്‍, വാര്‍ഡംഗം യു. രവി എന്നിവര്‍ ഇടപെട്ടിട്ടുണ്ട്. പ്രദേശം കഴിഞ്ഞദിവസം ഇരുവരും സന്ദര്‍ശിച്ചു. ദേശസേവിനി വായനശാല അങ്ങാടിപ്പുറം പഞ്ചായത്ത് 13 വാര്‍ഡിലെ വിവിധ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന കേന്ദ്രം കൂടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുള്ള തരകന്‍ ഹൈസ്കൂളിലേക്കുള്ള പ്രധാന വഴി സ്കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും അഭ്യര്‍ഥന പാടെ തള്ളിക്കളഞ്ഞ് റെയില്‍വേ അടച്ചുപൂട്ടി ഇരുമ്പുവേലി കെട്ടിയതാണ്. പിന്നീട് സ്കൂളിന്‍െറ പ്രധാനകവാടം ഏറാന്തോട് റോഡ് ഭാഗത്തേക്ക് മാറ്റിനിര്‍മിക്കേണ്ടിവന്നു. മേല്‍പ്പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാതയില്ല എന്ന പോരായ്മയുണ്ട്. മേല്‍പ്പാലത്തില്‍ നടപ്പാതയുണ്ടാകുമെന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് നടപ്പാത വേണ്ടെന്നുവെച്ചു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ റെയില്‍വേ ഗേറ്റിലും പരിസരങ്ങളിലുമുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കരുതെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.