ഭിന്നശേഷിക്കാരായ 25 പേര്‍ക്ക് നിയമപരമായ രക്ഷിതാവിനെ അനുവദിച്ചു

മലപ്പുറം: നാഷനല്‍ ട്രസ്റ്റ് ആക്ട് അനുസരിച്ച് അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാരായ 25 പേര്‍ക്ക് നിയമപരമായ രക്ഷിതാവിനെ അനുവദിച്ചു. അങ്ങാടിപ്പുറത്തെ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ കമ്യൂണിക്കബിലി ആന്‍ഡ് കോഗ്നിറ്റീവിലി ചാലഞ്ച്ഡില്‍ (റിച്ച്) നടന്ന ബോധവത്കരണ പരിപാടി ഡിവൈ.എസ്.പി പി.എ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ ലെവല്‍ കമ്മിറ്റി (എല്‍.എല്‍.സി) കണ്‍വീനര്‍ വടക്കേതില്‍ ഹംസ അധ്യക്ഷത വഹിച്ചു. നിയമപരമായ രക്ഷിതാവിനെ അനുവദിച്ച 25 പേര്‍ക്ക് ചലച്ചിത്ര താരം ശരത് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഭിന്നശേഷിക്കാരായ വ്യക്തികളുടെ സ്വത്ത് സംരക്ഷിക്കാനും അവര്‍ക്ക് പരിചരണം നല്‍കാനുമായാണ് രക്ഷിതാവിനെ നിയമിക്കുന്നത്. ഇതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ ലെവല്‍ കമ്മിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അന്വേഷണം നടത്തി അംഗങ്ങളുടെ അനുമതിയോടെ രക്ഷിതാവിനെ നിയമിക്കും. ഭിന്നശേഷിക്കാരായ വ്യക്തികളുടെ സ്വത്ത് കൈമാറ്റം ചെയ്യാന്‍ നിയമപരമായ രക്ഷിതാവിന്‍െറ അനുവാദം ആവശ്യമാണ്. ഭിന്നശേഷിക്കാരുടെ മാതാവോ പിതാവോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരത്തെന്നെയാണ് രക്ഷിതാവായി നിയമിക്കുക. അവരുടെ അഭാവത്തില്‍ ലോക്കല്‍ ലെവല്‍ കമ്മിറ്റി തീരുമാനിക്കുന്ന അടുത്ത ബന്ധുവിനെ നിയമിക്കും. 25 പേരുടെ രക്ഷിതാക്കള്‍ പരിപാടിയില്‍ അവരുടെ അനുഭവം പങ്കുവെച്ചു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ കെ.വി. സുഭാഷ് കുമാര്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗങ്ങളായ പി.വി. പ്രേമ, ഡോ. വി. രാജേഷ്, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചക്കുശേഷം നിയമപരമായി രക്ഷിതാവിനെ നിയമിക്കാനുള്ള നാനൂറോളം പുതിയ അപേക്ഷകള്‍ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.