അക്ഷയ–സി.എസ്.സി സംരംഭകര്‍ തമ്മില്‍ ശീതപ്പോര്

തിരൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സി.എസ്.സി (കോമണ്‍ സര്‍വിസ് സെന്‍റര്‍) സംരംഭകരും അക്ഷയ കേന്ദ്രങ്ങളും ശീതപ്പോരിലേക്ക്. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ അനുവദിച്ച സി.എസ്.സികള്‍ക്കെതിരെ അക്ഷയ നിലപാടെടുത്തതോടെയാണ് ഇരുവിഭാഗവും ഉടക്കിലേക്ക് നീങ്ങുന്നത്. സി.എസ്.സിയുടെ സഹായത്തോടെ തിങ്കളാഴ്ച മലപ്പുറത്ത് സംഘടിപ്പിക്കുന്ന പരിശീലന കളരിയില്‍നിന്ന് സ്വകാര്യ സംരംഭകരെ അകറ്റി നിര്‍ത്താന്‍ അക്ഷയ തീരുമാനിച്ചതോടെ ശീതപ്പോര് മറനീക്കിത്തുടങ്ങി. സ്വകാര്യ മേഖലയിലെ സി.എസ്.സി കേന്ദ്രങ്ങള്‍ അക്ഷയ സംരംഭകര്‍ക്ക് ഭീഷണിയാണെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ മാനദണ്ഡങ്ങളില്ലാതെ അനുവദിക്കപ്പെട്ടിരിക്കുന്നതിനാല്‍ സി.എസ്.സിയുടെ വിശ്വാസ്യതയും അക്ഷയ ചോദ്യം ചെയ്യുന്നു. നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കേന്ദ്രം സി.എസ്.സികള്‍ അനുവദിച്ചിരുന്നു. ഇവക്ക് പുറമെ അനുവദിച്ച കേന്ദ്രങ്ങളുമായാണ് അക്ഷയ ഏറ്റുമുട്ടലിനൊരുങ്ങുന്നത്. ഇത്തരത്തിലുള്ള നൂറിലധികം കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. അക്ഷയ കേന്ദ്രങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന സി.എസ്.സികളെ അംഗീകരിക്കുന്ന അധികൃതര്‍ സ്വകാര്യ മേഖലകളിലുള്ളവരെ തഴയുന്ന നിലപാടാണെടുക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന പരിശീലന പരിപാടിക്ക് പ്രധാനമായും ഫണ്ട് നല്‍കുന്നത് സി.എസ്.സിയാണ്. എന്നിട്ടും സ്വകാര്യ മേഖലയിലെ സി.എസ്.സികളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിനെതിരെ ഇത്തരം സംരംഭകര്‍ രംഗത്തത്തെിയിട്ടുണ്ട്. മലപ്പുറത്ത് പരിശീലനം നടക്കുന്നെന്നും പങ്കെടുക്കണമെന്നും കാണിച്ച് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഇമെയില്‍ സന്ദേശം നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു. സംസ്ഥാന അധികൃതര്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഇപ്പോഴും പറയുന്നുണ്ട്. എന്നാല്‍ ജില്ലാ അക്ഷയ അധികൃതര്‍ വിരുദ്ധ നിലപാടാണെടുക്കുന്നതെന്നും സ്വകാര്യ സംരംഭകര്‍ പരാതിപ്പെടുന്നു. പൂര്‍ണമായും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയും അക്ഷയക്ക് ഭീഷണി സൃഷ്ടിക്കുന്നവയുമായതിനാലാണ് സ്വകാര്യ സംരംഭകരെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ വിയോജിപ്പുള്ളതെന്നും പരിപാടിക്കത്തെുന്നവരെ പങ്കെടുപ്പിക്കുമെന്നും ജില്ലാ അക്ഷയ കോ ഓഡിനേറ്റര്‍ നിയാസ് മാധ്യമത്തോട് പറഞ്ഞു. ഇക്കാര്യം സി.എസ്.സി സംസ്ഥാന കോ ഓഡിനേറ്ററെ അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിന് 10,000 രൂപ മാത്രമാണ് സി.എസ്.സി നല്‍കുന്നതെന്നും മറ്റ് സംഘടന ചെലവുകള്‍ പൂര്‍ണമായും അക്ഷയയാണ് വഹിക്കുന്നതെന്നും നിയാസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട പരിശീലനം അക്ഷയക്ക് മാത്രമായി നല്‍കുന്നത് സി.എസ്.സി യുടെ വ്യവസ്ഥകള്‍ക്ക് എതിരാണെന്നും ഇതിന്നെതിരെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി അയക്കുമെന്നും സി.എസ്.സി സംരംഭകര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.