കാരുണ്യക്കരുതലുമായി ഓട്ടോകള്‍; റഷീദിനായി ഹൃദയപൂര്‍വം നാട്ടുകാര്‍

മലപ്പുറം: മലപ്പുറം നഗരത്തില്‍ തിങ്കളാഴ്ച കാരുണ്യസ്പര്‍ശവുമായി സര്‍വിസ് നടത്തിയത് നൂറോളം ഓട്ടോറിക്ഷകള്‍. ഹാജിയാര്‍പള്ളി സ്വദേശിയായ പറമ്പില്‍ റഷീദിന്‍െറ ചികിത്സാ സഹായ ഫണ്ടിലേക്ക് ധനസമാഹരണത്തിനായി ഓട്ടോ ഡ്രൈവര്‍മാര്‍ കൈകോര്‍ത്തപ്പോള്‍ നാട്ടുകാരും സ്നേഹമനസ്സോടെ കൂടെനിന്നു. ഒരു ദിവസത്തെ വേതനം ചികിത്സാസഹായമായി നല്‍കുന്നതിന് ഫ്ളക്സ് ബോര്‍ഡ് വെച്ച് സര്‍വിസ് നടത്താനായി കുന്നുമ്മലിലെ 60 ഓട്ടോ ഡ്രൈവര്‍മാരാണ് ആദ്യം മുന്നിട്ടിറങ്ങിയത്. തിങ്കളാഴ്ച രാവിലെ ഓട്ടോകള്‍ സര്‍വിസ് ആരംഭിച്ചതോടെ മുണ്ടുപറമ്പിലെയും മറ്റും ഓട്ടോക്കാരും കൂടെ കൈകോര്‍ത്തു. വിവരമറിഞ്ഞ് ചില ഓട്ടോക്കാര്‍ വേതനത്തില്‍നിന്ന് വിഹിതവും നല്‍കി. പകല്‍ സര്‍വിസ് നടത്തിയ ഓട്ടോകളില്‍നിന്നായി ഒരു ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. രാത്രി സര്‍വിസ് നടത്തുന്ന ഓട്ടോകളില്‍നിന്നുള്ള വിഹിതം കൂടി പിരിച്ചെടുത്ത് ചൊവ്വാഴ്ച റഷീദിന് സഹായധനം കൈമാറുമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചു. പെയിന്‍റിങ് തൊഴിലാളിയായ റഷീദ് വൃക്ക തകരാറിലായതോടെ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ ഇ.എം.എസ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന റഷീദിന് ആറ് മാസത്തിനകം വൃക്ക മാറ്റിവെക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് കൈത്താങ്ങാകാനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്തിറങ്ങിയത്. നഗരസഭാ കൗണ്‍സിലര്‍മാരും ഓട്ടോ ഡ്രൈവര്‍മാരുമായ മിര്‍ഷാദ് ഇബ്രാഹീം, കെ. സിദ്ദീഖ് എന്നിവരും നെച്ചികണ്ണന്‍ അനീസ്, സിദ്ദീഖ്, റാഫി തുടങ്ങിയവരുടെയും നേതൃത്വത്തിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ചികിത്സാ സഹായ ധനസമാഹരണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.