പാമ്പാട് ഫ്ളാറ്റില്‍നിന്ന് കക്കൂസ് മാലിന്യമൊഴുകുന്നു

മലപ്പുറം: നഗരസഭ നിര്‍മിച്ചുനല്‍കിയ പാമ്പാട് ഫ്ളാറ്റ് സമുച്ചയത്തില്‍നിന്ന് കക്കൂസ് മാലിന്യം റോഡിലേക്കൊഴുകിയതോടെ മൂക്കുപൊത്തി നാട്ടുകാര്‍. കെട്ടിടത്തിലെ പല നിലകളിലെയും ശൗചാലയങ്ങള്‍ മാസങ്ങളായി നിറഞ്ഞ നിലയിലാണ്. 10ഉം 12ഉം ഫ്ളാറ്റുകള്‍ക്ക് ഒരു കക്കൂസ് ടാങ്ക് എന്ന നിലയിലാണ് പണിതിട്ടുള്ളത്. ഓരോ ലൈനിലും രണ്ടുവീതം ടാങ്കുകളുമുണ്ട്. കക്കൂസ് മാലിന്യത്തിന് പുറമെ, അടുക്കള അവശിഷ്ടങ്ങളും കുളിമുറിയില്‍നിന്നുള്ള വെള്ളവുമടക്കം ഈ ടാങ്കിലാണ് ചേരുന്നത്. ഇതുമൂലം ഇടക്കിടെ നിറയുന്ന ഭീമന്‍ ടാങ്കുകള്‍ വൃത്തിയാക്കാനുള്ള ചെലവ് ബാധ്യതയാകുന്നുവെന്നാണ് നിര്‍ധനരായ താമസക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മുമ്പ് ഇതേക്കുറിച്ച് പരാതിയുയര്‍ന്നപ്പോള്‍ നഗരസഭാ ചെയര്‍പേഴ്സന്‍, സെക്രട്ടറി, ആരോഗ്യ വിഭാഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് കഴിഞ്ഞ ഡിസംബറില്‍ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഫ്ളാറ്റിലെ മാലിന്യ പ്രശ്നങ്ങള്‍ അവിടത്തെ താമസക്കാര്‍തന്നെ പരിഹരിക്കണമെന്നാണ് കരാര്‍ എന്നതിനാല്‍ നഗരസഭ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല. കഴിഞ്ഞ ബജറ്റില്‍ ഫ്ളാറ്റിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സ്ഥലം കണ്ടത്തൊന്‍ അഞ്ചുലക്ഷം രൂപ നീക്കിവെച്ചിരുന്നു. പ്രദേശത്ത് സെന്‍റിന് രണ്ടുലക്ഷത്തോളം വിലവരുന്നതിനാല്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ ഈ തുക അപര്യാപ്തമാണെന്ന് ചര്‍ച്ചാവേളയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മഞ്ഞപ്പിത്തവും മറ്റും പടരുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി നഗരസഭ അടിയന്തരമായി പ്രശ്നത്തിലിടപെടണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം, നാട്ടുകാരുമായി സമരരംഗത്തിറങ്ങാനാണ് തീരുമാനമെന്ന് കൈനോട് വാര്‍ഡ് കൗണ്‍സിലര്‍ കൊന്നോല സുമയ്യ അന്‍വര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.