കര്‍ഷകര്‍ക്ക് കൈവശരേഖ നല്‍കാന്‍ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപടിയില്ല

നിലമ്പൂര്‍: ജില്ലയിലെ വനാതിര്‍ത്തിയില്‍ താമസിക്കുന്ന അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് കൈവശ രേഖ നല്‍കാന്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സര്‍ക്കാര്‍ തലത്തില്‍ നടപടിയില്ല. കൈവശ രേഖ നല്‍കുന്നതിന് വനം വകുപ്പ് സര്‍ക്കാറിലേക്ക് 20 വര്‍ഷത്തിന് ശേഷം 2015 അവസാനം വീണ്ടും ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ശിപാര്‍ശയിലും നടപടി ഉണ്ടായില്ല. നിലമ്പൂര്‍ നോര്‍ത്, സൗത് ഡിവിഷനുകളിലായി രണ്ടായിരത്തോളം അപേക്ഷകരാണ് സര്‍ക്കാറിന്‍െറ കനിവിനായി കാത്തിരിക്കുന്നത്. സ്വന്തമായുള്ള ഒരുതുണ്ട് ഭൂമിക്ക് കൈവശ രേഖ ആഗ്രഹിച്ച പല കര്‍ഷകരും സ്വപ്നം ബാക്കിയാക്കി മരിച്ചു. 1977ന് മുമ്പ് മുതല്‍ ഭൂമി കൈവശം വെച്ച് കൃഷി ചെയ്തുപോരുന്ന അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് കൈവശ രേഖ നല്‍ക്കുന്നതിനായി റവന്യൂ വകുപ്പിന്‍െറ 1989 ആഗസ്റ്റ് 31ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വനം, റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിയിരുന്നു. ജില്ലയില്‍ നാലായിരത്തിലധികം പേര്‍ അപേക്ഷകരായി ഉണ്ടായിരുന്നു. ഇതില്‍ കുറച്ച് മാത്രമാണ് പരിശോധന പൂര്‍ത്തീകരിച്ചത്. 1200ഓളം പേര്‍ അര്‍ഹതപ്പെട്ടവരാണെന്ന് കണ്ടത്തെുകയും ചെയ്തിരുന്നു. പിന്നീട് പരിശോധന നിര്‍ത്തിവെച്ചു. 1990ല്‍ സംയുക്ത പരിശോധന നടപടികള്‍ വീണ്ടും ആരംഭിച്ചു. എന്നാല്‍, 20 വര്‍ഷങ്ങള്‍ക്ക് ശേഷവും കൈവശ രേഖയോ, സംയുക്ത പരിശോധന രേഖയോ ഭൂ ഉടമകള്‍ക്ക് നല്‍കിയില്ല. മണ്ണിനോടും കാട്ടുമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും മല്ലിട്ട് കൃഷിയിറക്കി ജീവിതം കരുപിടിപ്പിക്കുന്ന അര്‍ഹരായ കുടുംബങ്ങളാണ് സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാതെ കഴിയുന്നത്. നിലമ്പൂര്‍ നോര്‍ത് ഡിവിഷനിലെ അര്‍ഹരായ 610 പേരില്‍നിന്നും 224 പേരുടെ കൈവശത്തിലുള്ള 140.07 ഏക്കര്‍ സ്ഥലം നിക്ഷിപ്ത വന നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിക്കിട്ടുന്നതിനായി 1980ലെ കേന്ദ്ര വനസംരക്ഷണ നിയമത്തിലെ സെക്ഷന്‍ -രണ്ട് പ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ജില്ലാ കലക്ടറും നിലമ്പൂര്‍ സൗത്, നോര്‍ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരും ഒപ്പിട്ട ശിപാര്‍ശയാണ് 2000ല്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചത്. തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതിനാല്‍ ഇതിന് അംഗീകാരം ലഭിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.