പ്രവാസികളില്‍ രക്തസമ്മര്‍ദവും പ്രമേഹവും പെരുകുന്നു

പെരിന്തല്‍മണ്ണ: പ്രവാസികളായ ഇന്ത്യക്കാരില്‍ നാല് രോഗങ്ങള്‍ വ്യാപകമാകുന്നത് സംബന്ധിച്ച് മലയാളി ഡോക്ടറുടെ ഗവേഷണ റിപ്പോര്‍ട്ട് അന്താരാഷ്ട്ര മാസികയില്‍ പ്രസിദ്ധീകരിച്ചു. ‘ജേണല്‍ ഓഫ് എമിഗ്രന്‍റ് ആന്‍ഡ് മൈനോറിറ്റി ഹെല്‍ത്തി’ലാണ് കല്‍പകഞ്ചേരി സ്വദേശിയും യു.എ.ഇയിലെ ഡോക്ടറുമായ എന്‍. ഷമീം ബീഗത്തിന്‍െറ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കുടിയേറ്റ തൊഴിലാളികളില്‍ വ്യാപകമാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിതഭാരം, കുടവയര്‍ എന്നിവയും അതിന്‍െറ കാരണങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്. 2013 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ മലപ്പുറം ജില്ലയിലെ തീരദേശ ബ്ളോക്കുകളിലെ പ്രവാസികളില്‍ പഠനം നടത്തിയാണ് രോഗങ്ങള്‍ സ്ഥിരീകരിച്ചത്. കേരള ദന്തല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. മുഹമ്മദ് സെമീറിന്‍െറ സഹകരണത്തോടെയാണ് വിവരം ശേഖരിച്ചത്. പ്രവാസികളില്‍ രക്തസമ്മര്‍ദം, കുടവയര്‍ എന്നിവ വിദേശത്ത് പോകാത്തവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണെന്ന് ഡോ. ഷമീം ബീഗം ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രവാസകാലം നീളുന്തോറും രോഗാവസ്ഥയും കഠിനമാകുന്നു. തൊഴില്‍രംഗത്തെ അസ്വസ്ഥതകളും മണിക്കൂറുകള്‍ നീളുന്ന ജോലിയും മതിയായ ഉറക്കമില്ലായ്മയും ഇതിന് കാരണമാണെന്ന് ഡോക്ടര്‍ പറയുന്നു. അമിത പുകവലി, പുകവലിക്കാരോടൊത്തുള്ള സഹവാസം, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവയും കാരണമാണ്. രോഗാവസ്ഥയെക്കുറിച്ചുള്ള അറിവില്ലായ്മയും അറിഞ്ഞിട്ടും ചികിത്സിക്കാതിരിക്കലും ഗള്‍ഫ് രാജ്യങ്ങളില്‍ ചികിത്സക്ക് അമിതനിരക്ക് നല്‍കേണ്ടി വരുന്നതും രോഗാവസ്ഥ കൂടാനിടയാക്കുന്നു. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടും കുടിയേറ്റ തൊഴിലാളികളില്‍ ബോധവത്കരണവും ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളും വികസ്വര രാജ്യങ്ങള്‍ പാടെ അവഗണിക്കുന്നതായും ഡോ. ഷമീം ബീഗം പറഞ്ഞു. കല്‍പകഞ്ചേരി നെടുവഞ്ചരി ഷംസുദ്ദീന്‍െറ മകളായ ഡോ. ഷമീം ബീഗം തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് കീഴിലെ അച്യുതമേനോന്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ റിസര്‍ച് സ്കോളറായിരിക്കെയാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.