മഞ്ചേരി മെഡിക്കല്‍ കോളജില്‍ അക്കാദമിക മന്ദിരം ഉദ്ഘാടനം ചെയ്തു

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ രണ്ടാം അക്കാദമിക് ബ്ളോക്കിന്‍െറ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. 14.5 കോടി രൂപയുടെ അഞ്ചു നില കെട്ടിടമാണ് തുറന്നത്. എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഫോറന്‍സിക്, കമ്യൂണിറ്റി മെഡിസിന്‍, ഫാര്‍മക്കോളജി വിഭാഗങ്ങളാണിതില്‍ വരിക. ഇവയുടെ ലെക്ചര്‍ ഹാള്‍, ഡെമോണ്‍സ്ട്രേഷന്‍ ഹാള്‍, എച്ച്.ഒ.ഡി ഓഫിസുകള്‍ തുടങ്ങിയവ ഇതില്‍ പ്രവര്‍ത്തിക്കും. നിലവിലുള്ള അക്കാദമിക മന്ദിരത്തിലാണിവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും താഴെ ലൈബ്രറി ആന്‍ഡ് റിസോഴ്സ് സെന്‍റര്‍ പ്രവര്‍ത്തിക്കും. വിപുലമായ ഭൗതിക സൗകര്യങ്ങളോടെയാണ് അഞ്ചു നിലകള്‍. അതേ സമയം പുതിയ ബ്ളോക്കിലേക്ക് വൈദ്യുതീകരണം, ജലവിതരണം, ടോയ്ലറ്റുകള്‍ എന്നിവയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാവാനുണ്ട്. അടിയന്തരമായി ഇവ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേ അടിസ്ഥാന വികസനത്തിന്‍െറ കുറവ് പരിഹരിക്കാന്‍ നിര്‍മിച്ച 3.5 കോടിയുടെ രണ്ട് ഫാബ്രിക്കേറ്റഡ് ബില്‍ഡിങുകളില്‍ പിന്നീട് ഒരുക്കിയ ഹോസ്റ്റല്‍, ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. പുതിയ മെഡിക്കല്‍ കോളജുകളിലെ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുതിയ ബജറ്റില്‍ സര്‍ക്കാര്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ആഗ്രഹിച്ച നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളജിന്‍െറ വികസനം യാഥാര്‍ഥ്യമാവുമെന്നും അധ്യക്ഷത വഹിച്ച അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ പറഞ്ഞു. നഗരസഭാ അധ്യക്ഷ വി.എം. സുബൈദ, വൈസ്ചെയര്‍മാന്‍ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ വല്ലാഞ്ചിറ മുഹമ്മദലി, മരുന്നന്‍ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം വി. സുധാകരന്‍, വി.എം. ഷൗക്കത്ത്, ടി.പി. വിജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ശശിധരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍, പി.ടി.എ പ്രസിഡന്‍റ് അഡ്വ. അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.