ആരോഗ്യകിരണം പദ്ധതി: ജില്ലാ അദാലത്തും സൂപ്പര്‍ സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പും നാളെ

മലപ്പുറം: 18 വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായുള്ള ആരോഗ്യകിരണം പദ്ധതിയുടെ പ്രയോജനം കൂടുതല്‍ കുട്ടികളില്‍ എത്തിക്കുകയെന്ന ലക്ഷ്യവുമായി ബുധനാഴ്ച തിരൂരങ്ങാടിയില്‍ ജില്ലാതല അദാലത്തും സൂപ്പര്‍ സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ഉമ്മര്‍ഫാറൂഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ എട്ട് മുതല്‍ ഒരുമണി വരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി അങ്കണത്തിലാണ് ക്യാമ്പ് നടക്കുക. വൃക്കരോഗം, ഹൃദ്രോഗം, മസ്തിഷ്ക-നാഡി സംബന്ധമായ രോഗങ്ങള്‍, ഗുരുതര പോഷണക്കുറവ്, വളര്‍ച്ചക്കുറവ്, ശാരീരിക മാനസിക വൈകല്യങ്ങള്‍ എന്നിവ മൂലം പ്രയാസപ്പെടുന്ന കുട്ടികള്‍ക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇത്തരം പ്രശ്നങ്ങള്‍ കണ്ടത്തെുന്ന കുട്ടികള്‍ക്ക് തുടര്‍ ചികിത്സയും പരിശോധനകളും സൗജന്യമാണ്. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴി 2014-15 വര്‍ഷം 5,46,341 കുട്ടികള്‍ക്കും 2015-16 വര്‍ഷം 8,43,050 കുട്ടികള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ ലഭിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും ആദായ നികുതി ദായകരുടെയും മക്കളെ മാത്രമാണ് പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്ത പരിശോധനകള്‍, മരുന്നുകള്‍ എന്നിവ തെരഞ്ഞെടുത്ത സ്വകാര്യ ലാബുകള്‍ വഴിയും മരുന്നുകടകള്‍ വഴിയും സൗജന്യമായി ലഭ്യമാക്കുന്നതായും ഡി.എം.ഒ കൂട്ടിച്ചേര്‍ത്തു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി. വിനോദ്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ടി.എം. ഗോപാലന്‍, പി. സന്ദീപ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.