കൊടികുത്തിമലയില്‍ ഇക്കോ ടൂറിസം പദ്ധതികള്‍ ആരംഭിച്ചു

പെരിന്തല്‍മണ്ണ: മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമലയില്‍ ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതികള്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. മൂന്ന് കോടി രൂപ ചെലവിലാണ് ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നത്. കൊടികുത്തി മലയില്‍ ഉത്സവാന്തരീക്ഷത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ സഘടിപ്പിച്ചത്. അമ്മിനിക്കാട് നിന്ന് കൊടികുത്തിമലയിലേക്കുള്ള അഞ്ച് കിലോമീറ്റര്‍ റോഡ് ആറ് കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇതിന് ശേഷം സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. വനഭൂമിയിലൂടെയുള്ള 1.5 കി.മി. ദൂരമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇതിനായി 67 ലക്ഷം രൂപ മന്ത്രി അലിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ചാണ് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി കൊടികുത്തിമല മാറും. വള്ളുവനാട് വികസന അതോറിറ്റി ചെയര്‍മാന്‍ നാലകത്ത് സൂപ്പി അധ്യക്ഷത വഹിച്ചു. താഴെക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. നാസര്‍, ബ്ളോക്ക് പഞ്ചായത്തംഗം ജാഫര്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്തംഗം എ.കെ. ഹംസ മാസ്റ്റര്‍, വി.എസ്.എസ് പ്രസിഡന്‍റ് എ.കെ. സൈദ് മുഹമ്മദ് മാസ്റ്റര്‍, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ എല്‍. ചന്ദ്രശേഖര്‍, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. സജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.