വളാഞ്ചേരിയില്‍ ട്രാഫിക് യൂനിറ്റ് അനുവദിക്കണമെന്ന് ആവശ്യം

വളാഞ്ചേരി: ഗതാഗതക്കുരുക്ക് രൂക്ഷമായ വളാഞ്ചേരി ടൗണില്‍ ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കണമെന്ന് ആവശ്യം ശക്തം. പട്ടാമ്പി, കോഴിക്കോട്, തൃശൂര്‍, പെരിന്തല്‍മണ്ണ റോഡുകള്‍ സംഗമിക്കുന്ന സ്ഥലമായതിനാല്‍ ജങ്ഷനില്‍ മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്കാണ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ പൊലീസ് പ്രയാസപ്പെടുകയാണ്. പലപ്പോഴും കുരുക്ക് മണിക്കൂറുകളോളം നീളും. ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാല്‍ ട്രാഫിക് നിയന്ത്രിക്കാനും മറ്റും വളാഞ്ചേരി പൊലീസ് വീര്‍പ്പുമുട്ടുകയാണ്. ബസ്സ്റ്റാന്‍ഡിലേക്കുള്ള പ്രവേശ കവാടങ്ങളിലും ദീര്‍ഘദൂര, ലിമിറ്റഡ് ബസുകള്‍ നിര്‍ത്തുന്ന കോഴിക്കോട് റോഡ് എന്നിവിടങ്ങളിലും പൊലീസിന്‍െറ സേവനം അത്യാവശ്യമാണ്. ബസ്സ്റ്റാന്‍ഡിന് മുന്‍ വശത്ത് ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കാന്‍ സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പടെയുളളവര്‍ പ്രയാസപ്പെടുകയാണ്. ഇവിടത്തെ സീബ്രാലൈന്‍ മാഞ്ഞുപോയിട്ടുമുണ്ട്. ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ടൗണുകളിലൊന്നാണ് വളാഞ്ചേരി. ഇവിടെ ട്രാഫിക് യൂനിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിഷയം നഗരസഭ ചെയര്‍പേഴ്സന്‍ എം. ഷാഹിന ടീച്ചര്‍ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിരുന്നു. വളാഞ്ചേരി സ്റ്റേഷനില്‍ കൂടുതല്‍ പൊലീസുകാരെ നിയമിച്ചാല്‍ സ്കൂള്‍ സമയങ്ങളില്‍ വൈക്കത്തൂര്‍, കൊട്ടാരം ആലിന്‍ചുവട്, വലിയകുന്ന്, കാവുംപുറം എന്നിവിടങ്ങളില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസുകാരെ നിയമിക്കാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.