പുളിക്കലില്‍ കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്

കൊണ്ടോട്ടി: പുളിക്കലില്‍ ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചതിനെതുടര്‍ന്ന് കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. വിദ്യാര്‍ഥി പഠിച്ചിരുന്ന പുളിക്കല്‍ എ.എം.എം ഹൈസ്കൂളിലെ 225 കുട്ടികളെ പരിശോധനക്ക് വിധേയമാക്കി. പനിലക്ഷണമുള്ള രണ്ട് കുട്ടികളെ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മരിച്ച കുട്ടി പഠിച്ചിരുന്ന ഒമ്പതാം ക്ളാസിലെ 45 പേര്‍ക്കും അധ്യാപകര്‍ക്കും പ്രൊഫിലാക്സിസ് ആന്‍റിബയോട്ടിക് നല്‍കി. തീരെ കുത്തിവെപ്പെടുക്കാത്തവര്‍ക്കും ഭാഗികമായി എടുത്തവര്‍ക്കും തുടര്‍ദിവസങ്ങളില്‍ ടി.ഡി വാക്സിന്‍ നല്‍കും. വെളളിയാഴ്ച ഈ ക്ളാസിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കുത്തിവെപ്പ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വ്യാഴാഴ്ച ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേണുകയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ളാസ് നല്‍കി. ജൂണ്‍ 25ന് രാവിലെ 10നും 11നും രണ്ട് ബാച്ചുകളിലായി വിദ്യാലയത്തിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും ക്ളാസും ഉച്ചക്ക് രണ്ടിന് വിപുലയോഗവും നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. പള്ളിക്കല്‍ ബസാര്‍-പെരിയമ്പലം റോഡിലെ മുഴുവന്‍ വീടുകളിലെയും ഇതുവരെ കുത്തിവെപ്പെടുക്കാത്തവര്‍ക്കും ഉടന്‍ നല്‍കും. പുളിക്കല്‍, ചെറുകാവ് ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ടി.ഡി വാക്സിന്‍ നല്‍കാനാണ് തീരുമാനം. ഇതിനായി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും പി.ടി.എ യോഗം വിളിക്കാനും തുടര്‍ന്ന് രക്ഷിതാക്കളുടെ യോഗം വിളിച്ച് ബോധവത്കരണം നടത്താനും നിര്‍ദേശം നല്‍കി. ഒളവട്ടൂര്‍ എച്ച്.ഐ.ഒ.എച്ച്.എസ് സ്കൂളില്‍ ജൂലൈ 23 ന് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കും. പ്രവര്‍ത്തനങ്ങള്‍ക്ക് പുളിക്കല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. അനിതാമ്മ സെബാസ്റ്റ്യന്‍, ചെറുകാവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സന്തോഷ്, കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രകാശ്, പുളിക്കല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബ്രിജിത്ത്, ഡി.പി.എച്ച്.എന്‍ റജിലേഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സമീറ അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.