തിരൂര്‍–മഞ്ചേരി റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം, തര്‍ക്കം

മലപ്പുറം: തിരൂര്‍-മഞ്ചേരി റൂട്ടിലും മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടിലും ബസുകളുടെ മത്സരയോട്ടം പതിവ്. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും തമ്മിലുള്ള മത്സരം അമിതവേഗത്തിലേക്കും വാക്കേറ്റത്തിലേക്കും നയിക്കുകയാണ്. തിരൂര്‍-മഞ്ചേരി റൂട്ടില്‍ രണ്ടിടത്തുനിന്നും മിനിറ്റുകളുടെ വ്യത്യാസത്തില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടിസി ബസുകളും പുറപ്പെടുന്നുണ്ട്. അതിനാല്‍ ഓരോ സ്റ്റോപ്പില്‍ നിന്നും ആളുകളെ കയറ്റുന്നതിനായി മത്സരിച്ച് ഓടുകയാണ് ബസുകള്‍. തൊട്ടുപിന്നിലുള്ള ബസ് കടന്നുപോകാതിരിക്കാന്‍ റോഡിന് മധ്യഭാഗത്ത് നിര്‍ത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുക, മറികടക്കാതിരിക്കാന്‍ റോഡിന് മധ്യത്തിലൂടെ വാഹനമോടിക്കുക, ആളുകള്‍ സുരക്ഷിതമായി ഇറങ്ങുന്നതിനും കയറുന്നതിനും മുമ്പ് പുറപ്പെടുക എന്നിവയും ബസുകളില്‍ പതിവ്. സാധ്യമാകാത്ത ഇടത്തുപോലും ഓവര്‍ടേക്ക് ചെയ്യലും ബസുകളുടെ രീതിയാണ്. ഇത് മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയെ പിന്നിലാക്കി ആളെ പിടിക്കാന്‍ പായുന്ന സ്വകാര്യബസുകള്‍ അപകടം സൃഷ്ടിക്കുന്നതും പതിവ്. ബുധനാഴ്ച കോട്ടക്കല്‍ സ്റ്റാന്‍ഡില്‍ നിന്ന് ഒരേസമയം പുറപ്പെട്ട സ്വകാര്യബസും കെ.എസ്.ആര്‍.ടി.സിയും തമ്മിലുള്ള മത്സരയോട്ടം വാക്കേറ്റത്തിലാണ് കലാശിച്ചത്. ഒതുക്കുങ്ങലില്‍ വെച്ച് കെ.എസ്.ആര്‍.ടി.സിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഉരസി സ്വകാര്യ ബസിന്‍െറ മുന്‍ഭാഗത്തെ കണ്ണാടി തകര്‍ന്നു. ഇരുബസിലെയും ജീവനക്കാര്‍ തമ്മില്‍ ഉടലെടുത്ത വാക്കേറ്റം നാട്ടുകാര്‍ ഇടപെട്ടാണ് ഒഴിവാക്കിയത്. തുടര്‍ന്നും മത്സരിച്ചോടിയാണ് ബസുകള്‍ മലപ്പുറം വരെയത്തെിയത്. മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടിലും കോഴിക്കോട്-മലപ്പുറം റൂട്ടിലും സ്വകാര്യബസും കെ.എസ്.ആര്‍.ടി.സിയും മത്സരമുണ്ട്. വേഗതയും ശേഷിയും കൂടുതലുള്ള സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സിയെ പിന്നിലാക്കുകയാണ് മിക്കയിടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.