മുക്കിലപ്പീടിക കുടിവെള്ള പദ്ധതി: ഗുണഭോക്താക്കള്‍ മനുഷ്യാവകാശ കമീഷന് മുന്നില്‍

ആതവനാട്: കുറുമ്പത്തൂര്‍ മുക്കിലപ്പീടിക കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനവുമായി നാട്ടുകാര്‍ മനുഷ്യാവകാശ കമീഷനില്‍. പദ്ധതിയുടെ ഗുണഭോക്താക്കളാണ് കമീഷനെ സമീപിച്ചത്. വൈദ്യുതി കണക്ഷന്‍ വലിക്കാന്‍ എ.ഡി.എം ഉത്തരവിട്ടിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു. പ്രവൃത്തി നടത്തുന്നതിന് കോടതികളുടെ വിലക്ക് നിലവിലില്ലാതിരുന്നിട്ടും അധികൃതര്‍ നടപടി വൈകിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. സ്വകാര്യ വ്യക്തി കൈയേറിയ തോടരികിലാണ് വൈദ്യുതി കാല്‍ നാട്ടാനുള്ളത്. എന്നാല്‍, ഇതുസംബന്ധിച്ച് എ.ഡി.എം ഉത്തരവ് അധികൃതര്‍ മുഖവിലക്കെടുക്കുന്നില്ളെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താലൂക്ക് സര്‍വേയര്‍ റീ സര്‍വേ നടത്തിയതില്‍ കാല്‍ നാട്ടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പൂര്‍ണമായും കൈയേറ്റ ഭൂമിയാണെന്ന് കണ്ടത്തെിയിരുന്നുവെന്നും ഇത് ചൂണ്ടിക്കാട്ടിയും പൊതുജന താല്‍പര്യം കണക്കിലെടുത്തുമായിരുന്നു എ.ഡി.എം ഉത്തരവെന്നും നാട്ടുകാര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തിക്കുവേണ്ടി അധികൃതര്‍ ഒത്തുകളിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കിണര്‍-പമ്പ് ഹൗസ് നിര്‍മാണം, മോട്ടോര്‍ ഘടിപ്പിക്കല്‍, പൈപ്പ്ലൈന്‍ വലിക്കല്‍ എന്നിവയെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും വൈദ്യുതി കണക്ഷന്‍ മാത്രമാണ് തടസ്സമെന്നും നിവേദനത്തില്‍ വ്യക്തമാക്കി. പഞ്ചായത്ത് വൈദ്യുതി കണക്ഷനുള്ള പണം അടച്ചിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതിനാല്‍ പദ്ധതിക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെല്ലാം ഒരു വര്‍ഷമായി നോക്കുകുത്തിയായി തുടരുകയാണെന്നും കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതര്‍ ശ്രമം നടത്തിയിരുന്നു. മനുഷ്യാവകാശ കമീഷനെ സമീപിച്ചതോടെയാണ് അധികൃതര്‍ ഉണര്‍ന്നതെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.