അപകടസ്ഥലങ്ങളില്‍ ആംബുലന്‍സ് പദ്ധതി പഞ്ചായത്തുകളിലേക്കും

മലപ്പുറം: റോഡ് അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, മറ്റ് അത്യാഹിതങ്ങള്‍ എന്നിവ സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ എല്ലായിടത്തും എല്ലായ്പ്പോഴും ആംബുലന്‍സിന്‍െറ സേവനം ലഭ്യമാക്കുന്ന ‘എയ്ഞ്ചല്‍സ് ആംബുലന്‍സ്’ സംവിധാനം പഞ്ചായത്തുകളിലേക്കും. ഇതിന്‍െറ മുന്നോടിയായി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും മുനിസിപ്പല്‍ അധ്യക്ഷരുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും യോഗം ജില്ലാ പഞ്ചായത്തില്‍ നടന്നു. ജില്ലയിലൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുന്നതിന്‍െറ മുന്നോടിയായി മുഴുവന്‍ തദ്ദേശ ഭരണകൂട അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു. ബ്ളോക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മുനിസിപ്പല്‍ ഭാരവാഹികള്‍, പൊലീസ്, റവന്യൂ, മോട്ടോര്‍ വാഹനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ താലൂക്ക്, ബ്ളോക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം ഉടനെ ചേരും. തുടര്‍ന്ന് പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സ്വകാര്യ ആശുപത്രി ഉടമകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യോഗവും നടക്കും. ഈ യോഗങ്ങളില്‍ എയ്ഞ്ചല്‍സിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ളോക്-മുനിസിപ്പല്‍-പഞ്ചായത്ത് തല സമിതികള്‍ രൂപവത്കരിക്കും. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള റോഡ് സേഫ്റ്റി കൗണ്‍സിലുകളും രൂപവത്കരിക്കും. അപകട സ്ഥലങ്ങളില്‍ അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ താല്‍പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെ പരിശീലിപ്പിച്ച് എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സുരക്ഷാ സേനയും ഒരുക്കും. യോഗം പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, കെ.പി ഹാജറുമ്മ ടീച്ചര്‍, വി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ബിജു, ഡോ. അബൂബക്കര്‍ തയ്യില്‍, ഡോ. യാസിര്‍, പൊലീസ് അസി. കമീഷണര്‍ കെ. അബ്ദുല്‍ റഷീദ്, രവി, നൗഷാദ് എന്നിവര്‍ ക്ളാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.