മുന്നറിയിപ്പ് അവഗണിച്ചതോടെ വീണ്ടും അപകടം: മങ്കട ജി.എല്‍.പി സ്കൂളിന് മുകളില്‍ മണ്‍ഭിത്തി വീണു

മങ്കട: ഗവ. ഹയര്‍ സെക്കന്‍ഡറിയുടെ നാല് ക്ളാസ് മുറികളുള്ള കെട്ടിടം തകര്‍ന്നതിന്‍െറ ഭീതി ഒഴിയും മുമ്പ് മങ്കടയില്‍ വീണ്ടും അപകടം. മങ്കട ജി.എല്‍.പി സ്കൂള്‍ കെട്ടിടത്തിനും അങ്കണവാടിക്കും ഭീഷണിയായി നിന്ന മണ്‍ഭിത്തി തകര്‍ന്നുവീണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍െറ ചുമര്‍ തകര്‍ന്നു. വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങിയ ശക്തമായ മഴയില്‍ ഉച്ചക്ക് രണ്ടരയോടെയാണ് ഭിത്തി കെട്ടിടത്തിന് മുകളിലൂടെ വീണത്. തൊട്ടടുത്തുള്ള അങ്കണവാടിയിലെ കുട്ടികളും എല്‍.പി സ്കൂളിലെ കുട്ടികളും ക്ളാസിലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നിര്‍മാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിന്‍െറ ഭിത്തിയിലൂടെയാണ് മണ്ണിടിഞ്ഞത്. ഈ ഭാഗത്ത് ചുമര് തകര്‍ന്നു. ഭിത്തിയുടെ അപകടാവസ്ഥയെക്കുറിച്ച് ബുധനാഴ്ച ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഹൈസ്കൂള്‍ കെട്ടിടം തകര്‍ന്നു വീണതിനെതുടര്‍ന്ന് എല്‍.പി സ്കൂളിന് ഭീഷണിയായ മണ്‍ഭിത്തിയും മങ്കട ഹൈസ്കൂളില്‍ തന്നെ മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ഒരു കോടി രൂപയുടെ കെട്ടിടത്തോടനുബന്ധിച്ചുള്ള വിഷയങ്ങളും ചര്‍ച്ചയാവുകയും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഞായറാഴ്ച ഹൈസ്കൂള്‍ കെട്ടിടം തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ അപകടാവസ്ഥ കാണിച്ചുകൊടുക്കുകയും ചെയ്തു. ഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. പുതിയ കെട്ടിടത്തിന് മണ്ണെടുത്ത ഉയരമുള്ള ഭിത്തിയോട് ചേര്‍ന്ന കെട്ടിടങ്ങളാണ് ഭീഷണിയിലുള്ളത്. എട്ടു മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന മണ്‍ഭിത്തിയോട് ചേര്‍ന്നാണ് പുതിയ കെട്ടിടവും നിര്‍മിക്കുന്നത്. ഭിത്തിയുടെ പകുതി ഭാഗം മാത്രമേ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിട്ടുള്ളൂ. പഴയ കെട്ടിടവും ഇതേ അവസ്ഥയിലാണ്. ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കും ഇത് ഭീഷണി സൃഷ്ടിക്കുന്നു. അങ്കണവാടിയുടെ അശാസ്ത്രീയ കെട്ടിട നിര്‍മാണത്തിനെതിരെ അന്നുതന്നെ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, ജില്ലാ പഞ്ചായത്തംഗം ടി.കെ റഷീദലി, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ രമണി, വൈസ് പ്രസിഡന്‍റ് പി.കെ. അബ്ബാസലി, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.