അസൗകര്യങ്ങളും മാവോവാദി ഭീഷണിയും: കാളികാവ് പൊലീസ് സ്റ്റേഷന്‍ കെട്ടിടം നവീകരിക്കുന്നു

കാളികാവ്: അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടി പ്രവര്‍ത്തിച്ചിരുന്ന കാളികാവ് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ നവീകരണ പ്രവൃത്തി ആരംഭിച്ചു. ജില്ലയില്‍ മാവോവാദി ഭീഷണി നേരിടുന്ന പൊലീസ് സ്റ്റേഷനുകളിലൊന്നാണ് കാളികാവ് സ്റ്റേഷന്‍. 1887ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച പഴയ കെട്ടിടം ജീര്‍ണിച്ചതോടെ 25 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് നിലവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം. വേണ്ടത്ര സുരക്ഷയും സൗകര്യങ്ങളും ഇല്ലാത്തതിനാലാണ് 21 ലക്ഷം ഭൂപ മുടക്കി ആഭ്യന്തര വകുപ്പ് നവീകരണ പ്രവൃത്തി നടത്തുന്നത്. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന ചോക്കാട് പഞ്ചായത്ത് ഉള്‍പ്പെടെയുള്ള മലയോര മേഖല കാളികാവ് സ്റ്റേഷന്‍ പരിധിയിലാണ്. കാളികാവ് സ്റ്റേഷന് നേരെയും ആക്രമണ സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് സ്റ്റേഷനില്‍ മാവോവാദി വേട്ടക്കായി പ്രത്യേക പൊലീസ് വിഭാഗത്തെയും നിയോഗിച്ചിരുന്നു. കാല്‍നൂറ്റാണ്ട് മുമ്പ് നിര്‍മിച്ച ഒറ്റനില കെട്ടിടത്തില്‍ ലോക്കപ്പും ഫയല്‍ സൂക്ഷിക്കുന്ന മുറിയും കഴിഞ്ഞാല്‍ പൊലീസുകാര്‍ക്ക് നിന്നു തിരിയാന്‍ പോലും ഇടമില്ലായിരുന്നു. ആവശ്യത്തിന് മുറികളുമായി മുകള്‍ നിലയും താഴെ പ്രത്യേകം സ്വീകരണമുറിയും പോര്‍ച്ചുമെല്ലാം നിര്‍മിക്കുന്നതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാവുമെന്നാണ് വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.