പുല്ലൂര്‍ ജി.യു.പി ഹൈസ്കൂളാക്കല്‍: നാട്ടുകാര്‍ നിയമ നടപടിക്ക്

മഞ്ചേരി: പുല്ലൂര്‍ ഗവ. യു.പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി. 1032 വിദ്യാര്‍ഥികളും 2.20 ഏക്കര്‍ സ്ഥലവും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ അധികമായി നാല് ക്ളാസ് മുറികളും സ്കൂളിലുണ്ട്. ഈ വര്‍ഷമെങ്കിലും ഹൈസ്കൂളാക്കി മാറ്റുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികള്‍. മുന്‍ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും വിഷയത്തില്‍ തൊടാതെ തെരഞ്ഞെടുപ്പിന്‍െറ ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഹൈസ്കൂളാക്കണമെന്ന വിഷയം മന്ത്രിസഭയുടെ മുന്നില്‍ പരിഗണനക്ക് വെച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ തയാറായതുമില്ല. മഞ്ചേരിയില്‍ നിന്നുള്ള ജനപ്രതിനിധികളോ സ്കൂളിന്‍െറ ചുമതലയുള്ള മഞ്ചേരി നഗരസഭയോ പേരിന് പോലും ഇടപെടാത്തതിനാല്‍ പുല്ലൂരിലെയും പരിസരത്തെയും ആയിരത്തില്‍ പരം കുടുംബങ്ങളുടെ കാത്തിരിപ്പ് നീളുകയാണ്. ചടങ്ങിന് വേണ്ടിയാണെങ്കിലും മുന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ വെച്ച് തീരുമാനിച്ചതിന്‍െറ വിവരാവകാശ രേഖയുമായി സ്കൂള്‍ എസ്.എം.സി കമ്മിറ്റി നിയമ നടപടിക്കൊരുങ്ങുകയാണ്. മുന്‍ അഡീഷനല്‍ പബ്ളിക് പ്രോസി ക്യൂട്ടര്‍ അഡ്വ. കെ.എ. ജലീല്‍ മുഖേന ഹൈകോടതിയില്‍ റിട്ട് നല്‍കാന്‍ തീരുമാനിച്ചു. പുല്ലൂര്‍ മേഖലയില്‍നിന്ന് ഹൈസ്കൂള്‍ പഠനത്തിന് വിദ്യാര്‍ഥികള്‍ മഞ്ചേരിയിലെ രണ്ട് സര്‍ക്കാര്‍ സ്കൂളിലും ഒരു എയ്ഡഡ് സ്കൂളിലും പുല്‍പറ്റ പഞ്ചായത്തിലെ പൂക്കളത്തൂരിലും കാവനൂര്‍ പഞ്ചായത്തിലെ എളയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് പോകുന്നത്. ഈ സ്കൂളില്‍നിന്ന് ഏഴ് കഴിഞ്ഞവര്‍ 250ഓളം കുട്ടികളുണ്ടാവും. വേണ്ടതിലധികം കുട്ടികളുള്ള ഈ യു.പി സ്കൂളില്‍ ഒന്നാം ക്ളാസ് മാത്രം നാല് ബാച്ചുകളും ഏഴാം ക്ളാസ് ഏഴ് ബാച്ചുകളുമുണ്ട്. നേരത്തേ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നാല് ക്ളാസ് മുറികള്‍ നിര്‍മിച്ചത് വെറുതെ കിടക്കുന്നു. പുല്ലൂര്‍ സ്കൂളില്‍തന്നെ എട്ടാം ക്ളാസ് തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍, കാത്തിരിപ്പ് വെറുതെയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.