ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പരിശോധിച്ചു

നിലമ്പൂര്‍: ജില്ലാ ആശുപത്രി കെട്ടിടത്തിന് മുകളില്‍ ആശുപത്രി മാലിന്യം കുന്നുകൂട്ടിയിട്ടത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍െറ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി പരിശോധിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു പരിശോധന. സിറിഞ്ച്, ഉപയോഗിച്ച പഞ്ഞി, മരുന്നു കുപ്പികള്‍, ശസ്ത്രക്രിയക്ക് ഉപയോഗിച്ച തുണികള്‍, കൈയുറകള്‍, പ്ളാസ്റ്റിക് കുപ്പികള്‍ തുടങ്ങിയ മാലിന്യങ്ങള്‍ കെട്ടിടത്തിന് മുകളില്‍ ചാക്കില്‍ കെട്ടിയും അലക്ഷ്യമായും കൂട്ടിയിട്ടത് ഭരണസമിതി നേരില്‍കണ്ട് ബോധ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ കൂടാതെ ഭരണസമിതി അംഗങ്ങളായ ഇസ്മായില്‍ മൂത്തേടം, ടി.പി. അഷ്റഫലി, ഒ.ടി. ജയിംസ്, സെറീന മുഹമ്മദലി, ആശുപത്രി മാനേജ്മെന്‍റ് അംഗങ്ങളായ ജസ്മല്‍ പുതിയറ, ബിനോയ് പാട്ടത്തില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അതീവ ഗൗരവമേറിയ വിഷയമാണിതെന്നും രണ്ട് ദിവസത്തിനകം പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം നീക്കം ചെയ്യണമെന്നും ആശുപത്രി സൂപ്രണ്ടിന് പ്രസിഡന്‍റ് നിര്‍ദേശം നല്‍കി. മാലിന്യം സംസ്കരിക്കുന്ന കാര്യത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്ളാസ്റ്റിക് കൂടാതെ മറ്റ് ആശുപത്രി മാലിന്യവും കെട്ടിടത്തിന് മുകളിലുണ്ടെന്നും ഇവ നീക്കം ചെയ്യുമെന്നും പിന്നീട് ഉണ്ടാവുന്ന ഇത്തരം മാലിന്യം കൂട്ടിയിടാതെ കൊണ്ടുപോവാനുള്ള മാര്‍ഗം കാണുമെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രികളില്‍ ഇത്തരം മാലിന്യ പ്രശ്നങ്ങളുണ്ടാവുന്നില്ല. അവിടെ എന്ത് സംവിധാനമാണ് ഇതിന് ഒരുക്കിയതെന്ന് പരിശോധിക്കും. അത്തരം സംവിധാനങ്ങള്‍ ഇവിടെയും ഏര്‍പ്പെടുത്തും. എച്ച്.എം.സി ഫണ്ട് ഉപയോഗിച്ച് ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യം ഒഴിവാക്കുന്നതിന് രണ്ട് കരാറുകാരെ ചുമതലപ്പെടുത്തും. ജില്ലാ പഞ്ചായത്തിന്‍െറ ഫണ്ട് ഉപയോഗിച്ച് ഒരാഴ്ചക്കുള്ളില്‍ ഇന്‍സിനറേറ്റര്‍ സംവിധാനം സ്ഥാപിക്കും. ആശുപത്രി വാര്‍ഡുകളും പ്രസിഡന്‍റും സംഘവും സന്ദര്‍ശിച്ചു. വാര്‍ഡുകളിലെ കേടുവന്ന കട്ടിലുകള്‍ക്കും ബഡുകള്‍ക്കും പകരം പുതിയവ സ്ഥാപിക്കും. ശൗചാലയങ്ങളിലെ തകരാറിലായ വാതിലുകള്‍ മാറ്റി പുതിയവ വെക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.