എടപ്പറ്റ മൂനാടിയില്‍ കാട്ടാന ശല്യം; ജനം ഭീതിയില്‍

മേലാറ്റൂര്‍: എടപ്പറ്റ മൂനാടിയില്‍ കാട്ടാന ശല്യം കാരണം ജനം ഭീതിയില്‍. ദിവസങ്ങളായി ഈ ഭാഗത്ത് കൂട്ടമായത്തെുന്ന കാട്ടാനകള്‍ വിളകള്‍ നശിപ്പിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ മലവാരത്തോട് ചേര്‍ന്ന തോട്ടങ്ങളില്‍ മാത്രം എത്തിയിരുന്ന കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്കും ഇറങ്ങി. വീട്ടുവളപ്പിലെ വാഴകളും മറ്റും നശിപ്പിക്കാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്. 15ഓളം വരുന്ന കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം മഞ്ഞളിപ്പാടം, വട്ടിയാംപാടം എന്നിവിടങ്ങളിലും മൂനാടി ആദിവാസി കോളനി പരിസരത്തും വ്യാപകമായ കൃഷിനാശം വരുത്തി. കുന്നത്ത് പള്ളിയാലില്‍ അബ്ദു, പാര്‍ളി ബഷീര്‍, നന്നാട്ട് മൊയ്തീന്‍കുട്ടി ഹാജി, നന്നാട്ട് ഉസ്മാന്‍, തോരത്തില്‍ മജീദ്, മഠത്തൊടി മുഹമ്മദ് തുടങ്ങി നിരവധി കര്‍ഷകരുടെ വാഴ, കപ്പ തുടങ്ങിയ വിളകള്‍ കഴിഞ്ഞ ദിവസം ആനക്കൂട്ടം നശിപ്പിച്ചു. നേരമിരുട്ടുന്നതോടെ മലയിറങ്ങി വരുന്ന ആനക്കൂട്ടം പുലര്‍ച്ചെയാണ് തിരിച്ചുപോകുന്നത്. ദിവസങ്ങളായി കാട്ടാന ഭീതിയില്‍ കഴിയുന്ന പുളിയങ്കോട്, മൂനാടി പ്രദേശവാസികള്‍ രാത്രിയായാല്‍ വീടുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടി കഴിയുകയാണിപ്പോള്‍. മുന്‍ വര്‍ഷങ്ങളില്‍ ആനശല്യം ഇല്ലാതാക്കാന്‍ അധികൃതര്‍ പല നടപടികളും സ്വീകരിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ളെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.