ജില്ലാ ആശുപത്രിയില്‍ മുടക്കമില്ലാതെ സൗജന്യ ഭക്ഷണവിതരണം

പെരിന്തല്‍മണ്ണ: നിര്‍ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇത്തവണയും ആശങ്കപ്പെടേണ്ടിവന്നില്ല. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ശിഹാബ്തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന സൗജന്യ ഭക്ഷണവിതരണം റമദാനിന്‍െറ ഒന്നാംനാളിലും കൃത്യസമയത്ത് നടന്നു. കഴിഞ്ഞ ഒമ്പതുവര്‍ഷമായി നോമ്പുതുറ വിഭവങ്ങളും ഭക്ഷണവുമൊരുക്കി ട്രസ്റ്റ് ആശ്വാസമാവുകയാണ്. നൂറുകണക്കിന് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും നോമ്പ്തുറക്ക് പുറമേ രാത്രികാല ഭക്ഷണവും അത്താഴവുമാണ് നല്‍കുന്നത്. നിത്യേന 25,000 രൂപയോളം ചെലവുവരുന്നുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. പെരിന്തല്‍മണ്ണയിലെ വ്യാപാരികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായത്താലാണ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നത്. കാലങ്ങളായി ജില്ലാ ആശുപത്രിയില്‍ സൗജന്യ കഞ്ഞിവിതരണവും ട്രസ്റ്റ് നടത്തിവരുന്നുണ്ട്.ഇത്തവണത്തെ നോമ്പുതുറ വിഭവങ്ങളുടെ വിതരണോദ്ഘാടനം സിനിമാസംവിധായകന്‍ ജയരാജ് നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറര്‍ കുറ്റീരി മാനുപ്പ, ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍, യൂത്ത്ലീഗ് ജില്ലാ ജന. സെക്രട്ടറി ഉസ്മാന്‍ താമരത്ത്, ഡോ. ഷാജി മാത്യൂസ്, കൗണ്‍സിലര്‍മാരായ തെക്കത്ത് ഉസ്മാന്‍, അന്‍വര്‍ കളത്തില്‍, താമരത്ത് ഹംസു, യൂസഫ് രാമപുരം എന്നിവര്‍ സംസാരിച്ചു. യൂത്ത്ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റ് ഹബീബ് മണ്ണേങ്ങല്‍, സെക്രട്ടറി ഷരീഫ് വിളക്കത്തൊടി, കളത്തില്‍ കുഞ്ഞാപ്പഹാജി, ബാബു ഇസ്മായില്‍, ഷബീര്‍ പോത്തുകാട്ടില്‍, സൈനുല്‍ ആബിദ് ഫൈസി, റഷീദ് കളത്തില്‍ എന്നിവരാണ് നിത്യേന ഭക്ഷണവിതരണത്തിന് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.