തിരൂര്‍: വീടിന് മുന്നില്‍വെച്ച് ലീഗ് പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിച്ചതിനിടയിലും പടക്കമേറുണ്ടായതായി വരമ്പനാലയില്‍ മരണപ്പെട്ട എ.വി. ഹംസക്കുട്ടിയുടെ മകന്‍ അബ്ദുല്‍ റഷീദ് തിരൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. പറമ്പില്‍നിന്ന് പുകയുയരുന്നത് കണ്ടാണ് ഹംസക്കുട്ടി വീടിന് പുറത്തേക്ക് വന്നത്. തുടര്‍ന്ന് പ്രകടനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഒരാള്‍ പിടിച്ചുതള്ളി. വീഴാന്‍ പോയ ഹംസക്കുട്ടിയെ താങ്ങിനിര്‍ത്തുന്നതിനിടെ പ്രകടനക്കാര്‍ പടക്കം കത്തിച്ചെറിഞ്ഞു. ഹംസക്കുട്ടിക്ക് സമീപത്താണ് പടക്കം വീണ് പൊട്ടിയത്. ഇതോടെയാണ് തളര്‍ച്ചയനുഭവപ്പെട്ടത്. ഇതിനിടെ വീണ്ടും തള്ളിയതോടെ അവശനായി ഹംസക്കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വീടിന്‍െറ വരാന്തയില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വാഹനം എത്തിക്കുന്നത് പ്രകടനക്കാര്‍ തടഞ്ഞു. 15 മിനിറ്റോളം വാഹനം പ്രകടനക്കാര്‍ക്കിടയില്‍പ്പെട്ടു. വേണമെങ്കില്‍ തലക്ക് മുകളിലൂടെ കൊണ്ടുപൊയ്ക്കോ എന്നായിരുന്നു അവരുടെ നിലപാട്. അതോടെ ബന്ധുക്കള്‍ മറ്റൊരു വാഹനം തരപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഹംസക്കുട്ടി മരണപ്പെട്ടിരുന്നു. ഡോക്ടര്‍ തന്നെയാണ് പോസ്റ്റ്മോര്‍ട്ടം നിര്‍ദേശിച്ചത്. പിന്നീട് മരണകാരണത്തെ ചൊല്ലി തര്‍ക്കമുണ്ടാകാതിരിക്കാന്‍ വല്യുപ്പ ഉള്‍പ്പെടെയുള്ളവരും പോസ്റ്റ്മോര്‍ട്ടത്തെ അംഗീകരിച്ചു. മരണകാരണം ഹൃദയാഘാതമാണെങ്കിലും അതിന് വഴിവെച്ചത് പ്രകടനക്കാരുണ്ടാക്കിയ സംഘര്‍ഷമാണെന്ന് അബ്ദുല്‍ റഷീദ് പറഞ്ഞു. പ്രതികളുടെ വീട് സന്ദര്‍ശിച്ച എം.എല്‍.എ മരണം നടന്ന് രണ്ടാഴ്ചയായിട്ടും തങ്ങളെ സന്ദര്‍ശിക്കുകയോ ഫോണില്‍ ബന്ധപ്പെട്ട് ആശ്വസിപ്പിച്ചിപ്പിക്കുകയോ ചെയ്തില്ളെന്നും അബ്ദുല്‍ റഷീദ് കുറ്റപ്പെടുത്തി. സഹോദരന്‍ മുഹമ്മദ് ഷഫീഖ്, ഹംസകുട്ടിയുടെ സഹോദരന്‍ അബ്ദുസ്സമദ്, ബന്ധുക്കളായ എ.വി. മന്‍സൂര്‍, എ.വി. ഫാസില്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. അഹമ്മദ്കുട്ടി മാസ്റ്റര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.