മലപ്പുറം നഗരസഭ : ‘എന്‍െറ ഹോട്ടലി’ല്‍ ബഹളവും ഇറങ്ങിപ്പോക്കും

മലപ്പുറം: കഴിഞ്ഞ ഭരണസമിതി കൊണ്ടുവന്ന ‘എന്‍െറ ഹോട്ടല്‍’ പദ്ധതിയെക്കുറിച്ച് നടന്ന ചര്‍ച്ച നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദത്തിനും പ്രതിപക്ഷ ഇറങ്ങിപ്പോക്കിനും ഇടയാക്കി. ഇതേപ്പറ്റി ഭരിക്കുന്നവര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഇപ്പോഴും വ്യക്തതയില്ളെന്ന് ഇടത് അംഗങ്ങള്‍ ആരോപിച്ചു. പദ്ധതിയില്‍ അഴിമതി നടന്നതായി സംശയിക്കുന്നുവെന്നും അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണപക്ഷത്തിന്‍െറ വിശദീകരണത്തില്‍ തൃപ്തരല്ളെന്ന് പറഞ്ഞ് അവര്‍ ഇറങ്ങിപ്പോയി. 2014-15ലെ ബജറ്റിലാണ് ‘എന്‍െറ ഹോട്ടല്‍’ അവതരിപ്പിച്ചത്. നഗരസഭക്ക് കീഴില്‍ ആരംഭിക്കുന്ന ഹോട്ടലില്‍ പ്രാതല്‍ 10ഉം ഉച്ച ഭക്ഷണം 15ഉം രൂപക്ക് നല്‍കാനായിരുന്നു തീരുമാനം. കോട്ടപ്പടി ബസ്സ്റ്റാന്‍ഡില്‍ കുടുംബശ്രീ ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് 2015 മേയില്‍ നിര്‍മാണം ആരംഭിച്ചു. ഇതിനകം 15 ലക്ഷം രൂപയുടെ പ്രവൃത്തി നടന്നതായി മുനിസിപ്പല്‍ എന്‍ജിനീയര്‍ അറിയിച്ചു. കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. വൈദ്യുതീകരണം നടത്താനുണ്ട്. ഇതിന്‍െറ എസ്റ്റിമേറ്റ് ഉണ്ടാക്കുന്നതില്‍ പറ്റിയ വീഴ്ചയാണ് നീളാന്‍ കാരണം. ഒരു മാസത്തിനകം നടപടിയുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.അതേസമയം, നഗരസഭയുടെ അനിവാര്യ ചുമതലയിലോ പൊതുവായ ചുമതലയിലോ മേഖലാടിസ്ഥാനത്തിലുള്ള ചുമതലയിലോ പെട്ടതല്ല പദ്ധതിയെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചു. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്ന് നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റീസ് ആക്റ്റില്‍ നിര്‍ദേശിക്കാത്ത പദ്ധതിയായതിനാലാണിതെന്ന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പറഞ്ഞു.മുനിസിപ്പല്‍ എന്‍ജിനീയറുടെയും ഹെല്‍ത്ത് സൂപ്പര്‍ വൈസറുടെയും വിശദീകരണങ്ങളില്‍ വൈരുധ്യമുണ്ടെന്ന് സി.പി.എം കക്ഷി നേതാവ് ഒ. സഹദേവന്‍ ചൂണ്ടിക്കാട്ടി. മുന്നും പിന്നും നോക്കാതെ കൊണ്ടുവന്ന പദ്ധതിയായതിനാലാണ് ഈ പ്രശ്നം. നിര്‍മാണം പൂര്‍ത്തിയാവും മുമ്പേ കിച്ചന്‍ സാമഗ്രികള്‍ അഞ്ച് ലക്ഷത്തോളം രൂപക്ക് വാങ്ങി നഗരസഭാ ഓഫിസില്‍ കൂട്ടിയിട്ടിരിക്കുകയാണ്. മൊത്തം ദുരൂഹതയുണ്ട്. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കിച്ചന്‍ സാമഗ്രികള്‍ വഴിമുടക്കിയായി കിടക്കുകയാണെന്ന് അഭിപ്രായപ്പെട്ട പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ സലീം, പദ്ധതിയെപ്പറ്റി പഠിക്കാന്‍ ഭരണ-പ്രതിപക്ഷ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന നിലവിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പരി അബ്ദുല്‍ മജീദ് പറഞ്ഞു. നഗരസഭാ സെക്രട്ടറി സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹത്തിന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ് ഉചിതമെന്ന് മുസ്ലിംലീഗ് കക്ഷി നേതാവ് ഹാരിസ് ആമിയന്‍ അഭിപ്രായപ്പെട്ടു. അടുത്ത യോഗത്തില്‍ ചര്‍ച്ചക്കെടുക്കാമെന്ന് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല അറിയിച്ചെങ്കിലും തൃപ്തരല്ലാത്തതിനാല്‍ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.