കാളികാവിന് പിറകെ ചോക്കാടും ഇടതിന് നഷ്ടപ്പെട്ടേക്കും

കാളികാവ്: യു.ഡി.എഫ് പുനരേകീകരണത്തിന്‍െറ ഭാഗമായി കാളികാവിന് പുറമെ ചോക്കാട് പഞ്ചായത്തിലും കോണ്‍ഗ്രസും ലീഗും അടുക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം വണ്ടൂരില്‍ രജിസ്ട്രേഷന്‍ നിരക്ക് വര്‍ധനക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ലീഗ് നേതാക്കള്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെല്ലാം യു.ഡി.എഫ് സംവിധാനം ഉടനുണ്ടാവുമെന്ന് സൂചന നല്‍കിയിരുന്നു. കാളികാവിലും കരുവാരകുണ്ടിലും യു.ഡി.എഫ് സംവിധാനം വൈകാതെ വരുമെന്ന് നിയോജക മണ്ഡലം നേതാക്കളാണ് വ്യക്തമാക്കിയത്. ചോക്കാട് പഞ്ചായത്തില്‍ നിലവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സി.പി.എമ്മിനും വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനുമാണ്. ത്രികോണ മത്സരം നടന്ന പഞ്ചാത്തില്‍ സി.പി.എമ്മിന് ആറ്, കോണ്‍ഗ്രസിന് എട്ട്, ലീഗിന് നാല് സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളില്‍ ലീഗിന്‍െറ പൂര്‍ണ പിന്തുണ സി.പിഎമ്മിനായിരുന്നു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ വിഭാഗീയത കാരണം മൂന്ന് അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചത്. ഇതോടെ സി.പി.എമ്മിലെ ഷാഹിന ഗഫൂര്‍ പ്രസിഡന്‍റും കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷണന്‍ വൈസ് പ്രസിഡന്‍റുമായി. കെട്ടുറപ്പുള്ള മുന്നണി സംവിധാനമില്ലാത്തതിന്‍െറ പോരായ്മ മൂലം ചോക്കാട് പഞ്ചായത്ത് ഭരണം കാര്യക്ഷമമാവുന്നില്ളെന്ന് പരക്കെ ആക്ഷേപമുണ്ട്. ഐ.എന്‍.ടി.യു.സി അടക്കമുള്ള സംഘടനകള്‍ ഭരണ സ്തംഭനത്തിനെതിരെ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഈ സ്ഥിതി വിശേഷം ഇനി തുടരാന്‍ പാടില്ളെന്ന നിലപാടിലാണ് കോണ്‍ഗ്രസും ലീഗും. മുന്നണി ഐക്യത്തിന് ലീഗ് പാതി മനസ്സ് തുറന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയായിട്ടുണ്ട്. വൈകാതെ ചോക്കാടും യു.ഡി.എഫ് സംവിധാനം തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.