ചാമ കൃഷി തിരിച്ചു വരുന്നു; പരീക്ഷണത്തില്‍ വിജയിച്ച് അബ്ദുല്ലക്കുട്ടി

മങ്കട: മുന്‍ കാലങ്ങളില്‍ വയലുകളില്‍ സുലഭമായി ഉണ്ടായിരുന്നതും ഇപ്പോള്‍ അന്യം നിന്നതുമായ ‘ചാമ’ കൃഷി തിരിച്ചു കൊണ്ടു വരാനുള്ള പരീക്ഷണത്തിലാണ് കടന്നമണ്ണ സ്വദേശി പട്ടിക്കാട് അബ്ദുല്ലക്കുട്ടി. ഒന്നര ഏക്കറോളം വയലില്‍ ചാമ വിതച്ച് ഇദ്ദേഹം പരീക്ഷണം തുടങ്ങി കഴിഞ്ഞു. ഏറെക്കാലത്തെ അന്വേഷണത്തിന് ശേഷം തമിഴ്നാട്ടില്‍ നിന്നാണ് അബ്ദുല്ലക്കുട്ടിക്ക് വിത്തുകള്‍ ലഭിച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്തു വരുന്ന ഇദ്ദേഹത്തിന്‍െറ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ചാമയെ പുതു തലമുറക്ക് പരിചയപ്പെടുത്തുകയെന്നത്. പരീക്ഷണം വിജയിച്ചതറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം ആളുകള്‍ കൃഷി കാണാനത്തെുന്നുണ്ട്. വിതക്കാന്‍ വൈകിയെങ്കിലും മഴ പെയ്തതൊടെ നന്നായി തഴച്ചു വളര്‍ന്ന ചാമ ഇതിനകം കതിരണിഞ്ഞു. മുമ്പ് നാട്ടില്‍ ഉണ്ടായിരുന്ന ചാമ വളരെ ഉയരം കുറഞ്ഞതായിരുന്നു. എന്നാല്‍ അബ്ദുല്ലക്കുട്ടിയുടെ ചാമക്ക് അരമീറ്ററിലധികം ഉയരമുണ്ട്. വിത്ത് ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ കൃഷിയുടെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു. മീനമാസത്തില്‍ ലഭിക്കുന്ന വേനല്‍ മഴയിലാണ് ചാമ വിതക്കുന്നത് . ഇടവപ്പാതിക്ക് മുമ്പായി കൊയ്തെടുക്കും. ഏകാദശിക്ക് ചാമ അരി ഉപയോഗിച്ചുള്ള വിഭവങ്ങളാണ് കഴിച്ചിരുന്നതെന്നും, ഉപ്പുമാവ്, കഞ്ഞി, ചോറ് എന്നിവ ഉണ്ടാക്കാമെന്നും പ്രമേഹ രോഗികള്‍ക്ക് ചാമ അരി നല്ലതാണെന്നും പാറപ്പുറം പാട ശേഖര സമിതി പ്രസിഡന്‍റ് പുവ്വത്ത് ഭാസ്കരന്‍ പറഞ്ഞു. കൊയ്തെടുത്ത ചാമ ചവിട്ടി മെതിച്ചാണ് ധാന്യം വേര്‍പ്പെടുത്തുന്നത്. പുതിയ സാഹചര്യത്തില്‍ ഇത് ഏറെ ചെലവു വരുന്ന ജോലിയാണ്. ഇക്കാരണത്താല്‍ തന്നെ ചാമ കൃഷിക്ക് ആളുകള്‍ മുതിരുന്നില്ല. മെതിച്ചെടുക്കാനുള്ള യന്ത്രം വികസിപ്പിച്ചെടുത്താല്‍ കൃഷിക്ക് ഇത് ഏറെ സഹായകരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.