‘വാങ്ക’ക്ക് ദൃശ്യാവിഷ്കാരം നല്‍കി പൂക്കോട്ടുംപാടം ഹൈസ്കൂള്‍

പൂക്കോട്ടുംപാടം: വിദ്യാര്‍ഥികളുടെ പഠന നിലവാരമുയര്‍ത്താന്‍ വ്യത്യസ്ത പഠനതന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ളീഷ് പഠനം സുഗമമാക്കാന്‍ പാഠപുസ്തകത്തിലെ അധ്യായങ്ങള്‍ ഹ്രസ്വ ചിത്രങ്ങളാക്കി അവതരിപ്പിക്കുകയാണ് സ്കൂളിലെ ഇംഗ്ളീഷ് ക്ളബ് അംഗങ്ങള്‍. പത്താം ക്ളാസിലെ ഇംഗ്ളീഷ് പാഠപുസ്തകത്തിലെ റഷ്യന്‍ എഴുത്തുകാരനായ ആന്‍റണ്‍ ചെക്കോവിന്‍െറ ‘വാങ്ക’ എന്ന ചെറുകഥയാണ് വിദ്യാര്‍ഥികള്‍ അധ്യാപകരുടെ സഹായത്തോടെ ഹ്രസ്വ ചിത്രമായി പുനരാവിഷ്കരിച്ചത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ മികച്ച ചാലകം സിനിമയായതിനാലാണ് പാഠഭാഗത്തെ ദൃശ്യവത്കരിക്കാന്‍ ക്ളബ് അംഗങ്ങള്‍ തീരുമാനിച്ചത്. സ്കൂളിലെ ഇംഗ്ളീഷ് അധ്യാപകന്‍ ബിനു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു. സ്കൂളിലെ മികച്ച അഭിനേതാക്കളെ കണ്ടത്തെി ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു. വാങ്കയിലെ കഥാപാത്രങ്ങള്‍ക്ക് റാഷിദ്, അനീഷ്, ആഷിദ്, മുഷാര്‍ഫ് അലി അക്തര്‍, അബിന്‍, ഷാനിബ, ആന്‍ മറിയ സെബാസ്റ്റ്യന്‍, മനീഷ, ആരതി ഉദയന്‍ തുടങ്ങിയ വിദ്യാര്‍ഥികളും അധ്യാപകരും വേഷം പകര്‍ന്നു. 10 മിനിറ്റാണ് ചിത്രത്തിന്‍െറ ദൈര്‍ഘ്യം. ഈ പഠനതന്ത്രത്തിന് നല്ല പ്രതികരണം ലഭിച്ചതോടെ മറ്റു പാഠഭാഗങ്ങളും ചിത്രീകരിക്കാനുള്ള തയാറെടുപ്പിലാണ് ക്ളബ് അംഗങ്ങള്‍. മാത്രമല്ല ഈ ഹ്രസ്വ ചിത്രം മറ്റു സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രയോജനപ്പെടുത്താന്‍ യൂ ടൂബിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഫിസിക്സ് പഠനം എളുപ്പമാക്കാന്‍ പത്താം ക്ളാസിലെ ഭൗതിക ശാസ്ത്രത്തിലെ അധ്യായങ്ങള്‍ ചിത്രകഥാ രൂപത്തിലാക്കി സ്കൂളില്‍ അവതരിപ്പിച്ചിരുന്നു. ഹ്രസ്വ ചിത്രത്തിന്‍െറ ആദ്യപ്രദര്‍ശനം ഐ.ജി.എം.എം.ആര്‍ ഇംഗ്ളീഷ് അധ്യാപകന്‍ ഹൈദരലി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ജി. സാബു, ഉപ പ്രധാനാധ്യാപിക റഹീയ ബീഗം വട്ടോളി, അധ്യാപകരായ സി.പി. ആസ്യ, സുനിത, ശ്രീജയന്തി, പ്രമീള, ജയശ്രീ, എം.കെ. സിന്ധു, റസീന, ഇ. ഉണ്ണികൃഷ്ണന്‍, വി.പി. സുബൈര്‍, എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.