കോളറ: ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

കുറ്റിപ്പുറം: കുറ്റിപ്പുറത്തെ കോളറ വിഷയം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയിലേക്ക് നീങ്ങുന്നു. അഴുക്ക് ചാലുകള്‍ വൃത്തിയാക്കലും മാലിന്യം നീക്കലും തുടങ്ങിയെങ്കിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ടൗണില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി യോഗങ്ങള്‍ തുടരുകയാണ്. സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികള്‍ ഇതിനകം പഞ്ചായത്ത് മാര്‍ച്ചും പൊതുയോഗങ്ങളും നടത്തിക്കഴിഞ്ഞു. കോളറ ആരോഗ്യവകുപ്പിന്‍െറ അനാസ്ഥ കാരണമാണെന്ന് പഞ്ചായത്ത് ഭരണ സമിതി കക്ഷികളായ ലീഗും കോണ്‍ഗ്രസും ആരോപിക്കുന്നു. കോളറ പരന്നിട്ടും ആരോഗ്യവകുപ്പ് ആവശ്യമായ സുരക്ഷാ നടപടികളെടുക്കുന്നില്ളെന്ന് ആരോപിച്ച് മുസ്ലിം യൂത്ത്ലീഗ് പഞ്ചായത്ത് കമ്മിറ്റി കുറ്റിപ്പുറം ടൗണില്‍ പൊതുയോഗം സംഘടിപ്പിച്ചു. കോളറ സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ളെന്ന് യോഗം കുറ്റപ്പെടുത്തി. അബുയൂസഫ് ഗുരിക്കള്‍ ഉദ്ഘാടനം ചെയ്തു. മജ്നുവാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പരപ്പാര സിദ്ദീഖ്, ബ്ളോക്ക് പഞ്ചായത്ത് അംഗം കൈപ്പള്ളി അബ്ദുല്ലക്കുട്ടി, എം.പി.എം. ബഷീര്‍, പി.പി. നിസാര്‍, ഹുസൈന്‍ കൊട്ടിലുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെയും ആരോഗ്യവകുപ്പിനെതിരെയും യൂത്ത് കോണ്‍ഗ്രസ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. 12 ഇന ആവശ്യങ്ങള്‍ നടപ്പാക്കി കോളറ ഭീതി അകറ്റണമെന്നും ശുചിത്വ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഫ്തിഖാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. എ.എ. സുള്‍ഫീക്കര്‍, അഹ്മദ് കുട്ടി ചെമ്പിക്കല്‍, റിയാസ് പാലത്തേ്, ഹംസ തടത്തില്‍, ജിദേഷ് രാങ്ങാട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോളറ ഭീതി അകറ്റണമെന്നും മാലിന്യം സംസ്കരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഷമീര്‍ പാഴൂര്‍ അധ്യക്ഷത വഹിച്ചു. സലാം മുന്നീയര്‍, ഷാജി ഊരോത്ത് പള്ളിയാല്‍, സംസു മലയില്‍, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, കോളറ ബാധ വിട്ടൊഴിഞ്ഞെങ്കിലും കുറ്റിപ്പുറത്തേക്ക് വരാന്‍ പൊതുജനം മടി കാണിക്കുന്നുണ്ട്. കോളറ കുറ്റിപ്പുറത്തെ ഹോട്ടലുകളിലെ ഭക്ഷണത്തില്‍ നിന്നാണെന്നും അഴുക്ക് ചാലിലെ വെള്ളത്തില്‍ നിന്നാണെന്നും പ്രചരിപ്പിച്ച് ആശങ്കയുണ്ടാക്കുന്നതില്‍ ചിലരും രംഗത്തുണ്ട്. അതിസാരം ബാധിച്ച് മരിച്ച ഉമ്മയുടെയും മകളുടെയും മരണം കോളറ ബാധിച്ചാണെന്ന് തെറ്റായ വാര്‍ത്തകളും സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തിയിരുന്നു. മാലിന്യം കെട്ടിക്കിടന്നിരുന്ന കുറ്റിപ്പുറം ശുചീകരണ പ്രവര്‍ത്തനങ്ങളാല്‍ സാധാരണ നിലയിലായെങ്കിലും ജനങ്ങളുടെ ആശങ്കയകന്നിട്ടില്ല. ജനങ്ങള്‍ക്ക് കോളറപ്പേടിയായതോടെ കുറ്റിപ്പുറത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലിലെയും കച്ചവടം പകുതിയായി കുറഞ്ഞിട്ടുണ്ട്. കലക്ടര്‍ പൂട്ടാന്‍ ഉത്തരവിട്ട ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ശുചീകരണപ്രവൃത്തി പൂര്‍ത്തിയാക്കി മാത്രമേ ഹോട്ടലുകള്‍ തുറക്കുകയുള്ളൂവെന്ന നിലപാടിലാണ് ഹോട്ടലുടമകള്‍. ഹോട്ടല്‍ ഉടമകളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അനാവശ്യ ഭീതി പരത്തി കുറ്റിപ്പുറത്തെ വ്യാപാര സ്ഥാപനങ്ങള്‍ നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.