നിരത്തുകളില്‍ ഇനി ‘മാലാഖമാര്‍’ ചീറിപ്പായും

മലപ്പുറം: ജില്ലാ പഞ്ചായത്തിന്‍െറ ‘എയ്ഞ്ചല്‍സ് ആംബുലന്‍സ്’ പദ്ധതിക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പിന്തുണ. ജില്ലാ പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികളുടെ യോഗത്തിലാണ് മാനേജ്മെന്‍റ് പ്രതിനിധികള്‍ തീരുമാനം അറിയിച്ചത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ എയ്ഞ്ചല്‍സില്‍ രജിസ്റ്റര്‍ ചെയ്യാനും സ്വന്തം ചെലവില്‍ ആംബുലന്‍സുകളില്‍ ജി.പി.എസ് ഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലയിലെല്ലായിടത്തും എല്ലാ സമയത്തും ആംബുലന്‍സ് സര്‍വിസ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ക്ളാസുകള്‍ നല്‍കാനും ആശുപത്രികളിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അപകട ഘട്ടങ്ങളിലെ ചികിത്സ സംബന്ധിച്ച് പ്രത്യേക ക്ളാസും പരിശീലനവും നല്‍കാനും തീരുമാനിച്ചു. പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആംബുലന്‍സ് ഓപ്പറേറ്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, എയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഡോ. ശ്രീബിജു, ഡോ. യാസിര്‍ ചോമയില്‍, വൈസ് ചെയര്‍മാന്‍ ഡോ. അബൂബക്കര്‍ തയ്യില്‍, എ.വി. നൗഷാദ്, പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വകാര്യ ആശുപത്രികളിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ രേഖകളുടെ പകര്‍പ്പും ആംബുലന്‍സിന്‍െറ രേഖകളുടെ പകര്‍പ്പും സഹിതം ഒരാഴ്ചക്കുള്ളില്‍ ഉമ്മര്‍ അറക്കല്‍, ചെയര്‍മാന്‍, ആംബുലന്‍സ് ഓപ്പറേറ്റിങ് കമ്മറ്റി, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട് മലപ്പുറം പി.ഒ, എന്ന വിലാസത്തില്‍ എയ്ഞ്ചല്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ അയക്കേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.