തകിടം മറിയുന്നത് പൊലീസ് നടത്തുന്ന സമാധാന ശ്രമങ്ങള്‍

തിരൂര്‍: പട്ടാപ്പകല്‍ ബസ് കണ്ടക്ടറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ പറവണ്ണ മേഖലയില്‍ പൊലീസ് നടത്തിവരുന്ന സമാധാന ശ്രമങ്ങള്‍ തകിടം മറിയുമെന്ന് ആശങ്ക. പ്രാദേശിക യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് നാട്ടുകാര്‍ക്കിടയില്‍ സൗഹൃദം പുന$സ്ഥാപിക്കാന്‍ തിരൂര്‍ സി.ഐ ഷിനോജും സംഘവും നടത്തിവരുന്ന ശ്രമങ്ങള്‍ക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്. രണ്ട് മാസം മുമ്പ് വ്യാപക അക്രമങ്ങളുണ്ടായതിനെ തുടര്‍ന്ന് തിരൂര്‍ സബ് കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന കമ്മിറ്റിക്ക് ശേഷമായിരുന്നു പൊലീസ് സമാധാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. സാധാരണ സമാധാന പ്രവര്‍ത്തനങ്ങള്‍ സര്‍വകക്ഷി യോഗത്തില്‍ ഒതുങ്ങലാണ് പതിവ്. എന്നാല്‍ സി.ഐ ഷിനോജ് താഴത്തെട്ടില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. അതിന്‍െറ ഭാഗമായി എസ്.ഐമാരുടെ സാന്നിധ്യത്തില്‍ രണ്ട് കേന്ദ്രങ്ങളില്‍ ഇതിനകം സര്‍വകക്ഷി യോഗങ്ങള്‍ ചേര്‍ന്നു. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ രൂപവത്കരിച്ച സമാധാന സമിതിയിലെ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു യോഗങ്ങള്‍. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു യോഗത്തില്‍ നാട്ടുകാര്‍ പങ്കെടുത്തത്. അക്രമം എല്ലാ വിഭാഗങ്ങള്‍ക്കും തലവേദനയായതിനാല്‍ അക്രമികളെ ഒറ്റപ്പെടുത്തണമെന്ന സന്ദേശമാണ് പൊലീസ് കൈമാറിയിരുന്നത്. നാട്ടുകാര്‍ പൊലീസിന് സര്‍വ പിന്തുണയും വാഗ്ദാനവും നല്‍കി. പതുക്കെ തീരദേശമേഖലയിലെ വൈരത്തിന് പരിഹാരമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊലീസ് ജനകീയ സ്വഭാവത്തോടെ ഇടപെട്ടത് നാട്ടുകാരിലും പ്രതീക്ഷകളുയര്‍ത്തി. കഴിഞ്ഞ മാസങ്ങളില്‍ പറവണ്ണ മേഖലയില്‍ വ്യാപകമായ തീവെപ്പും അക്രമങ്ങളും അരങ്ങേറിയിരുന്നു. റമദാനില്‍ പോലും സംഘര്‍ഷങ്ങളുണ്ടായിരുന്നതിനാല്‍ പെരുന്നാള്‍ അനുബന്ധിച്ച് വ്യാപക കുഴപ്പമുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. അതിനാല്‍ എല്ലാ കെട്ടടങ്ങിയെന്ന ആശ്വാസത്തിലായിരുന്നു പൊലീസ്. തിരൂര്‍ സംഭവത്തോടെ തീരദേശ മേഖലയില്‍ സുരക്ഷ ശക്തമാക്കിയതായും രണ്ട് മൊബൈല്‍ യൂനിറ്റും സ്ട്രൈക്ക് ഫോഴ്സിനെയും വിന്യസിച്ചതായും ഡിവൈ.എസ്.പി കെ.വി സന്തോഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.