പുതിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം -ജില്ലാ പഞ്ചായത്ത്

മലപ്പുറം: 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി രൂപവത്കരണത്തിന്‍െറ ആസൂത്രണ മാര്‍ഗരേഖയില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്‍െറ വാര്‍ഷിക പദ്ധതി രൂപവത്കരണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. നേരത്തേ ഗ്രാമസഭ, വികസന സെമിനാര്‍, വര്‍ക്കിങ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെ ആവിഷ്കരിച്ച നിരവധി പദ്ധതികള്‍ ഉപേക്ഷിച്ചാലേ സര്‍ക്കാര്‍ നല്‍കിയ പുതുക്കിയ മാര്‍ഗരേഖ പ്രകാരം പദ്ധതി പരിഷ്കരിക്കാനാകു. ജൂലൈ 31നകം ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനിടെയില്‍ മാറ്റങ്ങള്‍ വരുത്തുക അസാധ്യമാണെന്നിരിക്കെ, സര്‍ക്കാര്‍ മാര്‍ഗരേഖ ഈ വര്‍ഷം നിര്‍ബന്ധമാക്കരുതെന്നാണ് യോഗം ഐക്യകണ്ഠ്യേന ആവശ്യപ്പെട്ടത്. വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ഉമര്‍ അറക്കല്‍ ആണ് വിഷയം ഉന്നയിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരും ഇതേ ആവശ്യം ഉന്നയിച്ചു. അംഗം ഹനീഫ പുതുപ്പറമ്പ് ഈ വിഷയത്തില്‍ ഉന്നയിച്ച പ്രമേയം യോഗം അംഗീകരിച്ചു. ജൂണ്‍ 30ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവിലൂടെയാണ് വാര്‍ഷിക പദ്ധതിയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍ നിര്‍ബന്ധമാക്കിയത്. ഇതുപ്രകാരം ഉല്‍പാദന മേഖലക്ക് ആകെ പദ്ധതി വിഹിതത്തിന്‍െറ 20 ശതമാനവും മാലിന്യ സംസ്കരണത്തിന് 10 ശതമാനവും വകയിരുത്തണം. വയോജന സൗഹൃദ പദ്ധതികള്‍ക്കും വികലാംഗ ക്ഷേമത്തിനും കുട്ടികള്‍ക്കുമായി അഞ്ച് ശതമാനം വീതവും വകയിരുത്തണം. ഇതുപ്രകാരം ജില്ലാ പഞ്ചായത്ത് ഉല്‍പദാന മേഖലയില്‍ 7.37 കോടി രൂപയും മാലിന്യ സംസ്കരണത്തിന് 5.52 കോടിയും വയോജന പദ്ധതികള്‍ക്ക് 2.84 കോടിയും അടക്കം 15.68 കോടി അധികം കണ്ടെത്തേണ്ടതുണ്ട്. ഐ.എ.വൈ, എസ്.എസ്.എ തുടങ്ങിയവക്കുള്ള അവശ്യവിഹിതങ്ങളും വിവിധ വികസന പദ്ധതികളും വെട്ടിക്കുറച്ചാലേ ഇത്രയും തുക കണ്ടത്തൊനാകു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതത്തില്‍ 10 കോടി കുറവുമാണ്. ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിനെ സംബന്ധിച്ച് തികച്ചും അപ്രായോഗികമാണ് സര്‍ക്കാര്‍ മാര്‍ഗരേഖ. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗത്തില്‍ എല്ലാവരും ഈ വര്‍ഷം പരിഷ്കരണ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമാക്കരുത് എന്ന് ആവശ്യപ്പെട്ടതായി പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. തദ്ദേശ മന്ത്രിക്ക് ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് നല്‍കി. അനുഭാവപൂര്‍വം പരിണഗിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ക്ക് അനുവദിച്ച ഫണ്ടിലെ വ്യത്യാസം പദ്ധതി നിര്‍വഹണത്തിന് തടസ്സമാകുന്നുണ്ടെന്ന് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ പറഞ്ഞു. പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സക്കീന പുല്‍പ്പാടന്‍, ഉമര്‍ അറക്കല്‍, വി. സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച സ്ഥിരംസമിതി യോഗങ്ങളുടെ തീരുമാനങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്ന വിധത്തിലുള്ള ആരോഗ്യ വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് പി.ആര്‍. രോഹില്‍നാഥും പുതിയ ബജറ്റ് പ്രകാരം ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് സലീം കുരുവമ്പലവും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.