ജില്ലയില്‍ നടുറോഡിലെ ക്വട്ടേഷന്‍ കവര്‍ച്ചകള്‍ പെരുകുന്നു

പെരിന്തല്‍മണ്ണ: ജില്ലയില്‍ നടുറോഡില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കവര്‍ച്ചകള്‍ പെരുകുന്നു. രണ്ടാഴ്ചക്കിടെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം ഇത്തരത്തില്‍പ്പെട്ട നാല് കേസുകളിലായി 19 പ്രതികളെ പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ ഇത്തരം കവര്‍ച്ചാസംഘങ്ങളുടെ വ്യാപ്തിയും സ്വാധീനവും ഏറെ ശക്തമാണെന്ന വിവരമാണ് ലഭിച്ചത്. ഇതിനകം പലഭാഗത്തായി അരങ്ങേറിയ കവര്‍ച്ചാരീതികള്‍ക്ക് സമാനതകളുണ്ടെന്ന് മാത്രമല്ല, പ്രധാനമായും ലക്ഷ്യം വെക്കുന്നത് കുഴല്‍പ്പണ, സ്വര്‍ണാഭരണ വിതരണക്കാരെയാണ് എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ തന്നെ ചില സംഭവങ്ങള്‍ പുറത്തറിയാതെ പോവുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. മുമ്പ് പണവും സ്വര്‍ണവുമായി പോകുന്ന സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പിന്നീട് അവരുമായി തെറ്റിപ്പിരിഞ്ഞശേഷം പകപോക്കാന്‍ പഴയ സംഘങ്ങളുടെ നീക്കങ്ങള്‍ എതിരാളികള്‍ക്ക് ചോര്‍ത്തി നല്‍കിയാണ് കൊള്ള നടത്തുന്നത്. ഇതിനായി വ്യത്യസ്ത വഴികളും ഇവര്‍ പ്രയോഗിക്കുന്നു. ജൂലൈ 13ന് ഹൈവേ കേന്ദ്രീകരിച്ച് സ്വര്‍ണവും പണവും കൊണ്ടുപോകുന്ന വാഹനങ്ങള്‍ ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തില്‍പ്പെട്ട നാലുപേരെ പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയ്തിരുന്നു. പഴമള്ളൂര്‍ സ്വദേശിയില്‍നിന്ന് പണം തട്ടിയതിന്‍െറ നാല് ദിവസം കഴിഞ്ഞ് കൊടുവള്ളിയില്‍ നിന്നുള്ള പണം വീടുകളില്‍ വിതരണം ചെയ്യാനത്തെിയ മധ്യവയസ്കനെ പുലാമന്തോള്‍ വളപുരത്ത് സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞ് പ്രതികളെ പൊലീസില്‍ ഏല്‍പ്പിക്കുകയുണ്ടായി. ഇതില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആറ് പേരാണ് പിടിയിലായത്. ഇതേ ദിവസംതന്നെ ആനമങ്ങാടുനിന്ന് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വഴിയില്‍ തടഞ്ഞ് യുവാവില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയ ആറംഗ സംഘവും പെരിന്തല്‍മണ്ണയില്‍ പിടിയിലാവുകയുണ്ടായി. ജൂലൈ 19ന് കോഴിക്കോടുനിന്ന് വിനോദയാത്ര കഴിഞ്ഞ് കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശികളെ ജില്ലാതിര്‍ത്തിക്കടുത്ത് തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്യുകയുണ്ടായി. പിടിക്കപ്പെടുന്ന സംഖ്യയുടെ 40 ശതമാനം നികുതിയും പുറമെ പിഴയും അടച്ചാല്‍ മാത്രമേ പണം ലഭിക്കൂ എന്നതിനാലാണ് പണം നഷ്ടപ്പെട്ടാലും ആരും പൊലീസില്‍ പരാതി നല്‍കാത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.