സിവില്‍ സ്റ്റേഷന്‍ സൗന്ദര്യമണിയുന്നു

മലപ്പുറം: ‘ഗ്രീന്‍-ക്ളീന്‍ സിവില്‍ സ്റ്റേഷന്‍’ യാഥാര്‍ഥ്യമാക്കുന്നതിന് പദ്ധതി തയാറാക്കുന്നു. കലക്ടര്‍ എസ്. വെങ്കടേസപതിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഓഫിസ് മേധാവികളുടെ യോഗത്തില്‍ ഇതിനായി 12 അംഗ ഉപസമിതി രൂപവത്കരിച്ചു. ജില്ലാതലത്തില്‍ സാധ്യമാവുന്ന പ്രവൃത്തികള്‍ അതത് ഓഫിസുകള്‍ ഉടന്‍ നടപ്പാക്കും. സാമ്പത്തിക ബാധ്യത വരുന്നവക്ക് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. ആഗസ്റ്റ് 15നകം വിശദ റിപ്പോര്‍ട്ട് തയാറാക്കി നല്‍കും. പ്രവേശകവാടം വീതി കൂട്ടി എന്‍ട്രി-എക്സിറ്റ് വേര്‍തിരിക്കുക, കവാടത്തില്‍ എന്‍ക്വയറി കൗണ്ടര്‍, ലാന്‍ഡ് സ്കേപിങ്, സിവില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ പാര്‍ക്കും ലൈബ്രറിയും ലഘുഭക്ഷണശാലയും ടോയ്ലറ്റുകള്‍, മഴവെള്ള സംഭരണി, സമ്പൂര്‍ണ വൈദ്യുതീകരണം തുടങ്ങി കൂടുതല്‍ തുക ആവശ്യമുള്ള പ്രവൃത്തികള്‍ക്കാണ് സര്‍ക്കാറില്‍നിന്ന് ധനസഹായം ആവശ്യപ്പെടുക. മരം വെച്ച് പിടിപ്പിക്കുക, ഇതിനായി വിവിധ ബാച്ചുകളിലായി ജീവനക്കാര്‍ക്ക് പരിശീലനം, ജൈവ-അജൈവ മാലിന്യങ്ങള്‍ സമാഹരിക്കാന്‍ ഓഫിസുകള്‍ക്ക് ജില്ലാ പഞ്ചാത്തിന്‍െറ വേസ്റ്റ് ബിന്‍, ഗ്രീന്‍ പ്രോട്ടോകോളിന്‍െറ ഭാഗമായി തുണിസഞ്ചി വിതരണം, ഇ വേസ്റ്റ് സമാഹരണം എന്നിവ ഉടന്‍ നടത്തും. പരസ്യ ബോര്‍ഡുകളും നോട്ടീസുകളും പതിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി സര്‍വീസ് സംഘടനാ നേതാക്കളുടെ യോഗവും ഓഫിസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് സംബന്ധിച്ച് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗവും ഉടന്‍ ചേരും. റോഡുകളുടെ അറ്റകുറ്റപണിക്കള്‍ക്കായി തയാറാക്കിയ 70 ലക്ഷത്തിന്‍െറ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. സൂചനാ ബോര്‍ഡുകളും ഭൂരേഖകളും തയാറാവുന്നുണ്ട്. കണ്ടുകെട്ടിയ വാഹനങ്ങള്‍ മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ടി.പി. ഹൈദരലി, വിവിധ ഓഫിസ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.