ചീനിക്കുന്ന്, ചെട്ട്യാരങ്ങാടി പ്രദേശങ്ങള്‍ എം.എല്‍.എ സന്ദര്‍ശിച്ചു: കാട്ടാനശല്യം ചെറുക്കാന്‍ ഫലപ്രദമായ രീതികള്‍ അവലംബിക്കുമെന്ന് എം.എല്‍.എ

എടക്കര: മൂത്തേടത്ത് കാട്ടാനശല്യം രൂക്ഷമായ ചീനിക്കുന്ന്, ചെട്ട്യാരങ്ങാടി പ്രദേശങ്ങള്‍ പി.വി. അന്‍വര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെ എത്തിയ അദ്ദേഹം കാട്ടാന തകര്‍ത്ത ചീനിക്കുന്നിലെ മുണ്ടമ്പ്ര മുഹമ്മദ്കുട്ടിയുടെ വീട്ടിലത്തെി. തുടര്‍ന്ന് ചീനിക്കുന്നിലെ തകര്‍ന്ന കരിങ്കല്‍ മതിലും സന്ദര്‍ശിച്ചു. മതിലിന്‍െറ നിര്‍മാണം അശാസ്ത്രീയമാണെന്ന് പറഞ്ഞ എം.എല്‍.എ വനാതിര്‍ത്തികളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ കരാറുകാര്‍ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗം എന്നതിനപ്പുറം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാവണമെന്നും കൂട്ടിച്ചേര്‍ത്തു. ആനയെ പ്രതിരോധിക്കാന്‍ ചീനിക്കുന്നില്‍ നിര്‍മിച്ച മതിലിന് അഞ്ചടി മാത്രമാണ് ഉയരം. ആനക്ക് മറുഭാഗത്തെ കാഴ്ചകള്‍ മറയ്ക്കുന്ന തരത്തില്‍ മതിലിന്‍െറ ഉയരം കൂട്ടിയെങ്കില്‍ മാത്രമേ പ്രതീക്ഷിക്കുന്ന ഫലമുണ്ടാകൂ. കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും വയനാട്ടിലും ആനയെ തുരത്താന്‍ സ്വീകരിച്ച ഫലപ്രദമായ രീതികള്‍ അവലംബിക്കുമെന്നും നിലമ്പൂരിന്‍െറ വനഭൂവിസ്തൃതി അനുസരിച്ച് രണ്ട് വാഹനങ്ങളും കൂടുതല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ദ്രുതകര്‍മ സേനയെയും അനുവദിക്കുമെന്നും നിയമസഭയിലെ തന്‍െറ സബ്മിഷന് മറുപടിയായി മന്ത്രി ഉറപ്പുനല്‍കിയതായും എം.എല്‍.എ പറഞ്ഞു. വനം ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ ശത്രുതാപരമാണ്. വന്യമൃഗങ്ങളാല്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിലും ഏറെ പ്രശ്നങ്ങളുണ്ട്. വനാതിര്‍ത്തിയിലെ കുടുംബങ്ങള്‍ സ്വയം ഒഴിഞ്ഞുപോകുന്ന അവസ്ഥയിലേക്ക് തള്ളിവിടുകയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ജനങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാറിനെ സഹായിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ശേഷം ചെട്ട്യാരങ്ങാടിയില്‍ കാട്ടാന നശിപ്പിച്ച കൊല്ലറമ്പന്‍ ഉമ്മറിന്‍െറയും മമ്മുവിന്‍െറയും കൃഷിയിടങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. രാധാമണി, വൈസ് പ്രസിഡന്‍റ് എ.ടി. റെജി, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. ഷാനവാസ്, വി.പി. അഹമ്മദ്കുട്ടി എന്നിവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.