ഭക്ഷ്യസുരക്ഷ വകുപ്പ് രാത്രി പരിശോധന നടത്തണമെന്നാവശ്യം

കാടാമ്പുഴ: ഭക്ഷണങ്ങള്‍ക്ക് അമിത വിലയീടാക്കുകയും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നതായി പരാതി. കാടാമ്പുഴ, കോട്ടക്കല്‍, പുത്തനത്താണി, രണ്ടത്താണി, വെട്ടിച്ചിറ ഭാഗങ്ങളിലാണ് ഉടമകള്‍ അമിതവില ഈടാക്കുന്നത്. പല ഹോട്ടലുകളിലും ഏകീകരണമില്ലാത്ത വിലവിവര പട്ടികയാണുള്ളത്. ദേശീയപാതകളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലാണ് കൂടുതലും ഇത്തരം തട്ടിപ്പ് നടത്തുന്നത്. ചില സ്ഥാപനങ്ങളില്‍ വിലവിവരപട്ടിക പോലും പ്രദര്‍ശിപ്പിക്കുന്നില്ല. ചില ഹോട്ടലുകളില്‍ സ്ഥാപിച്ച വിലവിവര പട്ടിക വ്യക്തവുമല്ല. കാടാമ്പുഴ ക്ഷേത്രത്തിലത്തെുന്നവരില്‍നിന്ന് അമിത വില ഈടാക്കുന്നെന്ന പരാതിയില്‍ ഹോട്ടലുകളില്‍ കാടാമ്പുഴ പൊലീസ് നടത്തിയ പരിശോധനയില്‍ വിലവിവരപ്പട്ടിക ഇല്ലാത്ത മൂന്ന് ഹോട്ടലുകള്‍ക്കും ശരിയായ രീതിയില്‍ പ്രദര്‍ശിപ്പിക്കാതിരുന്ന നാല് ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. രാത്രികാലങ്ങളില്‍ പഴകിയ ഇറച്ചി ഭക്ഷണങ്ങള്‍ വില്‍ക്കുന്നത് പതിവാണെന്നും പരാതിയുണ്ട്. രാത്രി സമയത്ത് പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തത് ഇത്തരം കച്ചവടക്കാര്‍ക്ക് അനുഗ്രഹമാകുകയാണ്. രാവിലെ മാത്രമാണ് ആരോഗ്യ വകുപ്പും പരിശോധനക്കിറങ്ങാറ്. പുത്തനത്താണിയില്‍ കഴിഞ്ഞ ദിവസം പഴകിയ ബ്രോസ്റ്റ് വില്‍പന നടത്തിയത്് വാക്കുതര്‍ക്കത്തിന് വഴിവെച്ചിരുന്നു. പണം തിരിച്ചുനല്‍കിയാണ് പ്രശ്നം പരിഹരിച്ചത്. രാത്രികാലങ്ങളിലെ തട്ടുകടകളിലും സമാനസ്ഥിതിയാണ്. മഴക്കാലംകൂടിയായതോടെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കച്ചവടം. ഇതര ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലും ഹോട്ടലുകളെയും റസ്റ്റാറന്‍റുകളെയും ആശ്രയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.