വളാഞ്ചേരിയില്‍ റിങ് റോഡിന് 10 കോടി

വളാഞ്ചേരി: വളാഞ്ചേരി നഗരത്തില്‍ റിങ് റോഡ് നിര്‍മിക്കാന്‍ ബജറ്റില്‍ 10 കോടി വകയിരുത്തിയതായി പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു. ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടുന്ന വളാഞ്ചേരി നഗരത്തില്‍ റിങ് റോഡ് നിര്‍മിക്കാന്‍ തുക വകയിരുത്തണമെന്ന് എം.എല്‍.എ നിയമസഭയില്‍ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിലാണ് തുക വകയിരുത്തിയ കാര്യം പ്രഖ്യാപിച്ചത്. വൈക്കത്തൂര്‍-മീമ്പാറ, കുളമംഗലം-കിഴക്കേക്കര-കൊട്ടാരം, മൂച്ചിക്കല്‍-കരിങ്കല്ലത്താണി എന്നീ റോഡുകള്‍ നവീകരിച്ച് റിങ് റോഡാക്കാമെന്നാണ് നിര്‍ദേശം. വളാഞ്ചേരി നഗരത്തില്‍ റിങ് റോഡുകള്‍ നിര്‍മിക്കാന്‍ 10 കോടി വകയിരുത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് നാട്ടുകാര്‍. ജില്ലയില്‍ കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ടൗണുകളിലൊന്നാണ് വളാഞ്ചേരി. ടൗണ്‍ ജങ്ഷനിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനങ്ങള്‍ മീമ്പാറ-വൈക്കത്തൂര്‍ റോഡ് വഴിയും മൂച്ചിക്കല്‍-കരിങ്കല്ലത്താണി റോഡ് വഴിയുമാണ് പോകുന്നത്. കോഴിക്കോട്, തിരൂര്‍ ഭാഗത്തു നിന്ന് പെരിന്തല്‍മണ്ണ റോഡിലേക്ക് പോകുന്ന വാഹനങ്ങള്‍ മീമ്പാറ-ഹൈസ്കൂള്‍-വൈക്കത്തൂര്‍ റോഡ് വഴിയും ദേശീയപാത വഴി കുറ്റിപ്പുറം ഭാഗത്തു നിന്ന് പാട്ടാമ്പി റോഡിലേക്ക് പോകേണ്ട വാഹനങ്ങള്‍ മൂച്ചിക്കല്‍-കരിങ്കല്ലത്താണി വഴിയും ആണ് പോകാറ്. എന്നാല്‍ ഈ റോഡുകളുടെ തകര്‍ച്ചയും വീതിക്കുറവും കാരണം വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവാണ്. മീമ്പാറ-വൈക്കത്തൂര്‍ റോഡ് വീതി കൂട്ടി ബൈപാസായി ഉയര്‍ത്തിയാല്‍ കോഴിക്കോട്, തിരൂര്‍ ഭാഗത്തുനിന്ന് വളാഞ്ചേരി സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ക്ക് വൈക്കത്തൂര്‍ വഴി ടൗണ്‍ ജങ്ഷനില്‍ എത്താതെ സ്റ്റാന്‍ഡില്‍ കയറാന്‍ പറ്റും. ഇതോടെ ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാനാവും. മീമ്പാറ-വൈക്കത്തൂര്‍ റോഡ് ബൈപാസായി വികസിപ്പിക്കേണ്ടതിന്‍െറ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്സന്‍ എം. ഷാഹിന ടീച്ചര്‍, വൈസ് ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വീടുകയറി ബോധവത്കരണം നടത്തിയിരുന്നു. വൈക്കത്തൂര്‍ മുതല്‍ തപസ്യ ജങ്ഷന്‍ വരെയുള്ള റോഡിനിരുവശത്തെയും വീടുകളിലാണ് ബോധവത്കരണം നടത്തിയത്. വളാഞ്ചേരി ടൗണിലെ ഇട റോഡുകളില്‍കൂടി ചെറുവാഹനങ്ങള്‍ പോകുന്നുണ്ട്. ഈ റോഡുകളും വീതി കൂട്ടി ബൈപാസാക്കി ഉയര്‍ത്താന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡുകളിലേക്കുള്ള കൈയേറ്റങ്ങള്‍ കണ്ടത്തെി നടപടി സ്വീകരിക്കണമെന്നാവശ്യവും ശക്തമാണ്. റോഡുകള്‍ നവീകരിച്ച് ബൈപാസുകളാക്കി മാറ്റുന്നതിനുള്ള രൂപരേഖ തയാറാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.