കോട്ടപ്പടി സ്റ്റാന്‍ഡില്‍ എല്ലാം പഴയപടി

മലപ്പുറം: കോട്ടപ്പടിയിലെ നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ എല്ലാ ബസുകളും കയറണമെന്ന ഗതാഗത കമ്മിറ്റിയുടെ അന്ത്യശാസനവും പാഴ്വാക്കായി. തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധമായും സ്റ്റാന്‍ഡില്‍ പ്രവേശിക്കണമന്ന തീരുമാനവും വകവെക്കാതിരുന്ന ബസ് ജീവനക്കാര്‍ പതിവ് പോലെ റോഡരികില്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി വണ്ടികളും മറ്റു ദീര്‍ഘദൂര ബസുകളുമുള്‍പ്പെടെ ഇതനുസരിക്കണമെന്ന് മുമ്പ് പല തവണ ആവശ്യപ്പെട്ടിട്ടും നടപ്പാവാതിരുന്നതിനാല്‍ മധ്യദൂര സര്‍വീസുകളുടെയെങ്കിലും കാര്യത്തില്‍ കടുംപിടുത്തം നടത്താനാണ് നഗരസഭയുടെ തീരുമാനം. വര്‍ഷങ്ങളായി ശോച്യാവസ്ഥയില്‍ കഴിയുന്ന സ്റ്റാന്‍ഡില്‍ ഹ്രസ്വദൂര ബസുകള്‍ മാത്രമേ പാര്‍ക്ക് ചെയ്യാറുള്ളൂ. കുറച്ചു മാസങ്ങളായി ഇവയും സ്റ്റാന്‍ഡിനെ അവഗണിക്കുന്ന സ്ഥിതിയാണ്. മറ്റു ബസുകള്‍ കുന്നുമ്മല്‍ ഭാഗത്തേക്ക് പോവുമ്പോള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ആളെ ഇറക്കുകയാണ് ചെയ്യുന്നത്. കോട്ടപ്പടി-കലക്ടറേറ്റ്-കുന്നുമ്മല്‍ റോഡില്‍ ബസുകള്‍ക്ക് വണ്‍ വേ സമ്പ്രദായം ഏര്‍പ്പെടുത്തിയതിനാല്‍ സ്റ്റാന്‍ഡില്‍ വന്ന് തിരിച്ചു സ്റ്റേഷന്‍ സര്‍ക്കിള്‍ വഴി തന്നെ പോവുന്നത് സമയനഷ്ടമുണ്ടാക്കുമെന്നതാണ് ഡ്രൈവര്‍മാര്‍ പറയുന്ന കാരണം. കുന്നുമ്മലില്‍ നിന്ന് വരുന്ന ബസുകളാവട്ടെ സ്റ്റാന്‍ഡില്‍ കയറാതെ പുറത്ത് ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നു. കോഴിക്കോട്, പാലക്കാട് ദീര്‍ഘദൂര ബസുകള്‍ സമയപ്രശ്നം പറഞ്ഞ് പണ്ടേ സ്റ്റാന്‍ഡില്‍ കയറാറില്ല. എല്ലാ ഹ്രസ്വദൂര ബസുകളും തിരൂര്‍, പരപ്പനങ്ങാടി, ചെമ്മാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ തുടങ്ങിയ മധ്യദൂര സര്‍വിസുകളും ജൂലൈ 11 മുതല്‍ നിര്‍ബന്ധമായും സ്റ്റാന്‍ഡ് വഴിയാക്കണമെന്നാണ് ജൂണ്‍ അവസാനം ചേര്‍ന്ന ഗാതാഗത കമ്മിറ്റി നിര്‍ദേശിച്ചത്. ഇതിനായി നഗരസഭ ട്രാഫിക് പൊലീസിന്‍െറ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍, തിങ്കളാഴ്ചയും പതിവ് തുടര്‍ന്നു. കാറുകളുള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ ഇപ്പോഴും സ്റ്റാന്‍ഡ് കൈയടക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.