തുവ്വൂര്‍: കരുവാരകുണ്ടില്‍ മാലിന്യം നീക്കാന്‍ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാലിന്യം കുന്നുകൂടി മിക്കസ്ഥലങ്ങളിലും കൊതുകുകളുടെയും ഈച്ചകളുടെയും തെരുവ് നായ്ക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്. മഴയില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം അഴുകി പലയിടത്തും ദുര്‍ഗന്ധം പടര്‍ന്നു തുടങ്ങി. പഞ്ചായത്തില്‍ മാലിന്യനിര്‍മാര്‍ജന യൂനിറ്റ് തുടങ്ങണമെന്ന അവശ്യമുയര്‍ന്നിട്ട് വര്‍ഷമേറെയായിട്ടും ഇതുവരെ നടപടിയായിട്ടില്ല. കടകളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യം കച്ചവടക്കാര്‍തന്നെ സംസ്കരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. പക്ഷേ, അതെങ്ങനെയെന്ന് വ്യക്തമാക്കാന്‍ പഞ്ചായത്തിനായിട്ടില്ല. വ്യാപാരസ്ഥാപനങ്ങളില്‍ പലതും രാത്രികാലത്താണ് പാതയോരങ്ങളിലും മറ്റും മാലിന്യം തള്ളുന്നത്. പച്ചക്കറി മാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും വരെ ഇങ്ങനെ തള്ളപ്പെടുന്നു. കിഴക്കത്തേല ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങിന് മുകളിലും സ്കൂളുകളുടെ സമീപത്തും ടൗണിനോട് ചേര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. മഴക്കാലവും അധ്യയന വര്‍ഷാരംഭവുമായപ്പോള്‍ പകര്‍ച്ചവ്യാധികളുടെ ഉറവിടമായി മാറിയിരിക്കുകയാണ് ഈ മാലിന്യക്കൂമ്പാരങ്ങള്‍. ഇതിനോടകംതന്നെ അറുപതോളം ഡെങ്കിപ്പനികേസുകളും പതിനഞ്ചോളം മറ്റു സാംക്രമിക രോഗങ്ങളും പഞ്ചായത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിലും പൊതുജന ശുചിത്വം ഉറപ്പാക്കുന്നതിലും പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും വന്ന പാളിച്ചയാണ് സ്ഥിതിഗതികള്‍ വഷളാവാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. സാമൂഹിക സുരക്ഷിതത്വത്തിനായി വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും മാലിന്യനിര്‍മാര്‍ജനത്തിനുള്ള നടപടികളൊന്നും നാളിതുവരെ തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.