നിലമ്പൂര്‍ ഗവ. കോളജ് ഓഫിസ് മാറ്റാന്‍ നീക്കം; വ്യാപക പ്രതിഷേധം

നിലമ്പൂര്‍: ഗവ. മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ ഗവ. കോളജ് ഓഫിസ് മാറ്റാന്‍ നീക്കം. സര്‍ക്കാറിന് സമര്‍പ്പിച്ച കോഴ്സുകള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ ഈ അധ്യയനവര്‍ഷം തന്നെ കോളജിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് ഓഫിസ് മാറ്റാന്‍ ശ്രമം നടക്കുന്നത്. നേരത്തേ, നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കെട്ടിടത്തില്‍ ഓഫിസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന്, ഫോണ്‍, മറ്റു ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ച് മൂന്നുമാസം മുമ്പ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഒരു സ്പെഷല്‍ ഓഫീസറും ഒരു സീനിയര്‍ ക്ളര്‍ക്കും ജീവനക്കാരായുണ്ട്. ഓഫിസ് മാറ്റാന്‍ നഗരസഭ ചെയര്‍പേഴ്സന്‍ കഴിഞ്ഞദിവസം സ്പെഷല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനാണ് ഓഫിസ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വാദം. ഹയര്‍ സെക്കന്‍ഡറി ബാച്ചിന് ക്ളാസ് തുടങ്ങുമ്പോഴേക്കും ലാബ് കെട്ടിടത്തിന്‍െറ മുകളില്‍ ക്ളാസുകള്‍ തുടങ്ങാനുള്ള സൗകര്യം നഗരസഭ ഒരുക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍, ഇതിനുള്ള സൗകര്യം നഗരസഭ ഒരുക്കിയില്ല. ഇതോടെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗംകുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യക്കുറവുണ്ടായത്. കോളജ് ഓഫിസ് നഗരസഭ ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാനാണ് നിര്‍ദേശം. കോളജുമായി ഏറെ അകലമുള്ളതിനാല്‍ ഇത് ഓഫിസിന്‍െറ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. കൗണ്‍സില്‍ യോഗത്തില്‍ പോലും ചര്‍ച്ചചെയ്യാതെയാണ് ഓഫിസ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതെന്ന് മറ്റു കൗണ്‍സിലര്‍മാരും ആരോപിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച കോളജിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് എം.എസ്.എഫ് ആരോപിച്ചു. എന്ത് വിലകൊടുത്തും ഇത് ചെറുക്കുമെന്ന് എം.എസ്.എഫ് വ്യക്തമാക്കി. കോണ്‍ഗ്രസിനകത്തെ ഗ്രൂപ് കളിയാണ് ഓഫിസ് മാറ്റാനുള്ള നീക്കത്തിന് പിന്നിലെന്ന് സി.പി.ഐ ആരോപിച്ചു. ഒരു കാരണവശാലും ഈ നീക്കം അംഗീകരിക്കാനാവില്ളെന്നും ഓഫിസ് മാറ്റാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ പി.എം. ബഷീര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.