നാഥനില്ലാ കളരിയായി താഴെപ്പാലം സ്റ്റേഡിയം

തിരൂര്‍: എം.എല്‍.എയും നഗരസഭയും തമ്മിലുള്ള തര്‍ക്കത്തില്‍ കുരുങ്ങി താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം നാഥനില്ലാ കളരിയായി തുടരുന്നു. നവീകരണം പൂര്‍ത്തിയായെന്ന് എം.എല്‍.എയും നിലവിലുള്ള അവസ്ഥയില്‍ സ്റ്റേഡിയം ഏറ്റെടുക്കാനാകില്ലന്ന് നഗരസഭയും നിലപാടെടുത്തു. തര്‍ക്കം നീളുന്നതിനാല്‍ കോടികള്‍ മുടക്കി ഒരുക്കിയ സിന്തറ്റിക് ട്രാക്ക്, ഫുട്ബാള്‍ മൈതാനം എന്നിവ നോക്കുകുത്തിയായി കിടക്കുകയാണ്. ചുറ്റുമതിലും സുരക്ഷാ സംവിധാനങ്ങളുമില്ലാത്തതിനാല്‍ സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണിപ്പോള്‍. സിന്തറ്റിക് ട്രാക്കിന് കേട് പറ്റിയതായി പരാതിയുണ്ട്. ട്രാക്ക് ശാസ്ത്രീയമായ രീതിയില്‍ സംരക്ഷിക്കാന്‍ സൗകര്യമില്ലാത്തതും വിനയാണ്. പരിചരണമില്ലാത്തതിനാല്‍ പുല്‍മൈതാനിയുടെ മോടിയും നഷ്ടമാകുന്നു. ടോയ്ലറ്റ്, റെസ്റ്റ് റൂം, ഡ്രസിങ് റൂം എന്നിവയില്ലാത്തതിനാല്‍ കായിക മത്സരങ്ങള്‍ നടത്താന്‍ സാധിക്കില്ല.സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്ന് അവകാശപ്പെടുമ്പോഴും നേരത്തേ നടത്തിയിരുന്ന മേളകള്‍ പോലും സംഘടിപ്പിക്കാനാകാത്ത നിലയാണുള്ളത്. താന്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് എം.എല്‍.എയുടെ നിലപാട്. ചുറ്റുമതില്‍ നിര്‍മാണത്തിന് എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച തുക നഗരസഭ ഉപയോഗിക്കാത്തതിനാല്‍ ഇനി നല്‍കില്ളെന്നാണ് എം.എല്‍.എ അറിയിച്ചത്. എന്നാല്‍, സിന്തറ്റിക് ട്രാക്കും താല്‍ക്കാലിക ഗാലറിയും മാത്രം നിര്‍മിച്ച് ബാക്കി തങ്ങളുടെ മേല്‍ കെട്ടിവെക്കാനാണ് എം.എല്‍.എയുടെ ശ്രമമെന്നാണ് നഗരസഭയുടെ ആരോപണം. ചുറ്റുമതില്‍, ടോയ്ലറ്റ്, റെസ്റ്റ് റൂം, ഡ്രസിങ് റൂം തുടങ്ങിയവ തങ്ങള്‍ക്ക് ഏറ്റെടുക്കാനാകില്ളെന്ന് നഗരസഭ അധികൃതര്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ ‘സില്‍കി’നെയാണ് എം.എല്‍.എ നവീകരണം ഏല്‍പ്പിച്ചിരുന്നത്. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതായി സില്‍ക് നഗരസഭയെ അറിയിച്ചെങ്കിലും സ്റ്റേഡിയം ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയുടെ സഹായത്തോടെ സ്റ്റേഡിയത്തിലെ പോരായ്മകള്‍ പരിശോധിച്ച ശേഷം ഏറ്റെടുത്താല്‍ മതിയെന്നാണ് നഗരസഭാ തീരുമാനം. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് നഗരസഭാധ്യക്ഷന്‍ അഡ്വ. എസ്. ഗിരീഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.