മലപ്പുറം നഗരത്തില്‍ ഇന്ന് മുതല്‍ കാലിപിടിത്തം

മലപ്പുറം: അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിക്കാന്‍ നഗരസഭയിലെ ആരോഗ്യവിഭാഗം തിങ്കളാഴ്ച മുതല്‍ നഗരത്തിലുണ്ടാവും. കയറൂരി വിടുന്ന ഇവ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായതിനത്തെുടര്‍ന്ന് നിരന്തരം പരാതി ലഭിച്ചിരുന്നു. ഇത്തരം കാലികള്‍ക്ക് ആല ഉണ്ടാക്കാനാണ് നഗരസഭയുടെ തീരുമാനം. കോട്ടപ്പടി, കുന്നുമ്മല്‍, മുണ്ടുപറമ്പ് ഭാഗങ്ങളിലെല്ലാം കന്നുകാലികളുടെ ശല്യമുണ്ട്. ഒറ്റക്കോ കൂട്ടമായോ എത്തി കടകളില്‍ വില്‍പ്പനക്ക് വെച്ച പച്ചക്കറി, പഴങ്ങള്‍ മുതലായവ തിന്നുന്നതായി കച്ചവടക്കാര്‍ പലതവണ പരാതിപ്പെട്ടിരുന്നു. ഇവ റോഡിലൂടെ അലക്ഷ്യമായി നടക്കുന്നത് വാഹനങ്ങള്‍ക്കും ഭീഷണിയാണ്. നടുറോഡിലൂടെയോ റോഡ് മുറിച്ചുകടന്നോ ഓടുന്ന കന്നുകാലികളെ തട്ടാതെ പലപ്പോഴും തലനാരിഴക്കാണ് ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെ രക്ഷപ്പെടുന്നത്. റോഡരികില്‍ വിസര്‍ജിക്കുകയും പോസ്റ്ററുകള്‍ കടിച്ചുകീറി വൃത്തികേടാക്കുകയും ചെയ്യുന്ന കാലികളെക്കൊണ്ട് നഗരസഭാ അധികൃതരും പൊറുതിമുട്ടിയിരിക്കുകയാണ്. മുമ്പ് കുറേയെണ്ണത്തെ പിടിച്ച് നഗരസഭയുടെ കാരാത്തോട്ടെ സ്ഥലത്ത് കൊണ്ടുപോയി കെട്ടിയിട്ടിരുന്നു. ഇവക്ക് പുല്ലും വെള്ളവും കൊടുക്കാനും മറ്റുമായി ആളെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഉടമകള്‍ അന്വേഷിച്ചുവന്നപ്പോള്‍ 5,000 രൂപ വരെ പിഴ ഈടാക്കിയാണ് വിട്ടുകൊടുത്തത്. അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഇന്ന് മുതല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ പിടികൂടും. തല്‍ക്കാലം കാരാത്തോട്ടെ സ്ഥലത്തേക്ക് തന്നെ മാറ്റാനാണ് തീരുമാനം. ഇവയെ പാര്‍പ്പിക്കാന്‍ നെച്ചിക്കുറ്റിയിലോ മറ്റോ താമസിയാതെ ആല നിര്‍മിക്കും. ഇതിന് നഗരസഭ തുക വകയിരുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.